ദേവസ്വം ജീവനക്കാരന് നേരെ വധ ശ്രമം, രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഈ കേസിലേയും, ചാപ്പറമ്പ് ബിജു കൊലക്കേസിലേയും ഒന്നാം പ്രതി എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ചാവക്കാട് മണത്തല പള്ളിപറമ്പില്‍ വീട്ടില്‍ അനീഷ് (36), ഇയാളുടെ ബന്ധുവും, ബിജു കൊലക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മണത്തല മേനോത്ത് വീട്ടില്‍ വിഷ്ണു (25) വിനേയുമാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ അസി: കമ്മീഷണര്‍ പോലീസ് കെ.എം. ബിജുവും, ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: ജി. അജയകുമാറും, സംഘവും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ 3 ന് ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്തുവെച്ച് ദേവസ്വം ജീവനക്കാരന്‍ രമേഷുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും, തുടര്‍ന്ന് ഒന്നാം പ്രതി അനീഷ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രമേഷിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ രമേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതികള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും, സഞ്ചരിയ്ക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈകേസിലെ കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും, അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: ജി. അജയകുമാര്‍ അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐമാരായ കെ. സാജന്‍, രാജേഷ്, സീനിയര്‍ സി.പി.ഓമാരായ രജ്ഞിത്, ഗഗേഷ്, സി.പി.ഓമാരായ റമീസ്, ഷഫീക് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ടെമ്പിള്‍ പോലീസ് അറിയിച്ചു