വധശ്രമ കേസിൽ മയക്ക് മരുന്ന് കച്ചവടക്കാരായ അഞ്ചു പേർക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
ചാവക്കാട് : മയക്കുമരുന്ന് കച്ചവടം പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്താല്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് യുവാക്കള്‍ക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.നാട്ടിക എ.കെ.ജി. കോളനിയില്‍ വട്ടേക്കാട് വീട്ടില്‍ ഹിരണ്‍(22), കാമ്പുറത്ത് അഖില്‍(22), വട്ടേക്കാട് വീട്ടില്‍ അമല്‍(19), മണ്ണാപറമ്പില്‍ വീട്ടില്‍ സന്ദീപ്(20), കാളകൊടുവത്ത് വീട്ടില്‍ സുജീഷ്(19) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2016 ഒക്ടോബര്‍ 16-ന് വൈകീട്ട് ഏഴിനാണ് കേസിനാസ്പദമായ സംഭവം. നാട്ടിക എസ്.എന്‍. കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തളിക്കുളം പുത്തന്‍ തോട് കറുത്താര വീട്ടില്‍ വേണുവിന്റെ മകന്‍ ജിഷ്ണു(22), എസ്.എന്‍. കോളേജിന് സമീപം ഇയ്യാനി ഞായക്കാട്ട് വീട്ടില്‍ ദിനേശന്റെ മകന്‍ ഡിജിന്‍(23), ഐരാട്ട് വീട്ടില്‍ അശോകന്റെ മകന്‍ ജിനീഷ്(29), തണ്ടിയേക്കല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത്(23) എന്നിവരെയാണ് പ്രതികള്‍ വാളുകളും ഇരുമ്പ് പൈപ്പുകളും ക്രിക്കറ്റ് സ്റ്റമ്പുകളുമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ-കാലുകളിലെ എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ ആയുധങ്ങളുമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിവരം ഇവര്‍ പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്താലായിരുന്നു ആക്രമണം. പിഴസംഖ്യ മുഴുവന്‍ പരിക്കേറ്റവര്‍ക്ക് നല്‍കണമെന്ന് വിധിന്യായത്തിലുണ്ട്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ടോണി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.