വധശ്രമക്കസിൽ സി പി എം പ്രവർത്തകന് 33 വർഷം കഠിന തടവ്
ചാവക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴ് മാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കി വീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകനായ പാവറട്ടി പെരിങ്ങാട് കളപ്പുരക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. ഈ കേസിലെ മറ്റു പ്രതിയായ ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.
2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം റോഡില്‍ വെച്ച് ബൈക്കില്‍ വരികയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി തടഞ്ഞുവച്ച് വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാനായി വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടികയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടി പൊളിച്ച് അക്രമിസംഘം വീടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടുകയായിരുന്നു. മരിച്ചെന്നു കരുതി അക്രമി സംഘം വന്ന കാറില്‍ തന്നെ രക്ഷപ്പെട്ടു.
അക്രമികള്‍ പോയശേഷം ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ് വീടിന് പുറത്തേക്ക് ഇഴഞ്ഞു വരികയായിരുന്നു. അതുവഴിവന്ന ഓട്ടോറിക്ഷകാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടനെ പാവറട്ടിയിലെ ആശുപത്രിയില്‍ കൊണ്ടുപോവുകയും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു. കാലങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂര്‍ ഭാഗങ്ങളില്‍ നടന്നിരുന്ന ആര്‍.എസ്.എസ്., സി.പി.എം. സംഘട്ടനങ്ങളെ തുടര്‍ന്നുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിന് നല്‍കാന്‍ വിധിയില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്. പാവറട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്.അരുണ്‍. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ.ബാലകൃഷ്ണന്‍ പ്രതികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.ആര്‍.രജിത് കുമാര്‍ ഹാജരായി.