
വധശ്രമ കേസിൽ യുവാവിന് 5വർഷം കഠിന തടവ്

ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ തെക്കഞ്ചേരി പെരിങ്ങാടന്‍ വീട്ടില്‍ അജിത്തി(26)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കഠിനതടവിനും വിധിച്ചു. ഒരുമനയൂരില്‍ തെക്കുംതല വീട്ടില്‍ സുബ്രഹ്‌മണ്യന്റെ മകന്‍ സുമേഷി(39)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ തെക്കഞ്ചേരി വലിയകത്ത് വീട്ടില്‍ ജബ്ബാര്‍, ഒരുമനയൂര്‍ ഒറ്റതെങ്ങ് രായംവീട്ടില്‍ ഷനൂപ് എന്നിവരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. രണ്ടാംപ്രതി അജിത് വിചാരണയ്ക്കിടയില്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രതികള്‍ തെക്കഞ്ചേരിക്കു സമീപത്തെ പാലത്തില്‍ കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തില്‍ സുമേഷിന്റെ തെക്കഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് 2019 നവംബര്‍ 25-ന് രാത്രി 9.15-ന് പ്രതികള്‍ അതിക്രമിച്ചുകയറി വയറ്റില്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പിഴസംഖ്യ പരിക്കേറ്റ സുമേഷിനു നല്‍കാന്‍ വിധിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ആര്‍. രജിത് കുമാര്‍ ഹാജരായി.
