വടകര താലൂക്ക് ഓഫിസിനെ അഗ്നി വിഴുങ്ങി, പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കും: മന്ത്രി കെ. രാജൻ
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടം കത്തി ചാമ്പലായതിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ . പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു വടകര പഴയ ബസ് സ്റ്റാന്റ് പരിസരെത്തെ സിവിൽ സ്റ്റേഷൻ കോംപ്ലക്സിൽ വെള്ളിയാഴ്ച്ച പുലര്‍ച്ച അഞ്ചരയോടെയാണ് അഗ്നിബാധയുണ്ടായത്.
ഓഫീസ് കെട്ടിടം പൂർണ്ണമായി തീ വിഴുങ്ങി. ഓഫീസിലെ രേഖകളും കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. തൊട്ടടുത്തുള്ള സബ് ജയിലിലേക്കും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. തഹസില്‍ദാറുടെ കാബിനും അനുബന്ധ സെക്ഷനുകളും കത്തിനശിച്ചു. മേല്‍ക്കൂരയിലും മറ്റും മരത്തടിയുള്ളതിനാല്‍ പെട്ടെന്നാണ് തീ പടര്‍ന്നുകയറിയത്. ഓടുകൾ മേഞ്ഞ കെട്ടിടം ഞൊടിയിടയിലാണ് കത്തി അമർന്നത്.
1885 ൽ സബ് രജിസ്ട്രർ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് താലൂക്ക് ഓഫീസ്. 2018 ൽ പൈതൃക കെട്ടിട പദ്ധതിയിൽ പെടുത്തി പുനരുദ്ധാരണ പ്രവർത്തനം നടത്തിയിരുന്നു. വടകര സ്റ്റേഷന്‍ ഓഫീസര്‍ കെ.അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പഴങ്കാവില്‍ നിന്നുള്ള അഗ്നിരക്ഷാസേന തീ കെടുത്താന്‍ ഏറെ ക്ലേശിച്ചു. വടകരക്കു പുറമെ തലശേരി നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണ വിധേയമാക്കാൻ മണിക്കൂറുകൾ എടുത്തു. നാല് മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമായത്
നിയന്ത്രണവിധേയമായെങ്കിലും വിലപ്പെട്ട രേഖകളെല്ലാം തീ വിഴുങ്ങിയിരിക്കുകയാണ്. ഏഴു യൂനിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. വിവരമറിഞ്ഞ് എംഎല്‍എമാരായ കെ.കെ.രമ, ഇ.കെ.വിജയന്‍, കെ.പി.കുഞ്ഞമ്മദ്കുട്ടി, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, റൂറൽ എസ് പി
ഡോ എ ശ്രീനിവാസ് എന്നിവര്‍ സ്ഥലത്തെത്തി. തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. രാവിലെ 5.30 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു.
ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിപുരാവസ്തു വകുപ്പിൻ്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെ കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലാൻറ് അക്വിസിഷൻ ഓഫീസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു