എം എൽ എ.ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വീഴ്ചയിൽ ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. ഉമാ തോമസ് അബോധാവസ്ഥയില്‍ തുടരുന്നു.
അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തിൽ രക്തം കയറിയെന്നുമാണ് ഡോക്ടർമാർ പ്രതികരിച്ചത്. നട്ടെല്ലിനും, ശ്വാസകോശത്തിനും,തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓർമയെ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
15 അടി താഴ്ചയിലേക്കാണ് വീണത്. ഇവിടെ റിബൺ കെട്ടിയാണ് താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. എം എൽ എ ക്ക് ഗുരുതര പരിക്കേറ്റിട്ടും നൃത്ത പരിപാടി തുടർന്നു. സ്റ്റേ ഡി യത്തിലെ സുരക്ഷ വീഴ്ച അന്വേഷിക്കുമെന്ന് കൊച്ചി പോലിസ് കമ്മീഷണർ പറഞ്ഞു.