ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി
ഗുരുവായൂര്‍ : ഭക്തിസാന്ദ്രമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനമായ ഇന്ന് ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി. ഉച്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണക്കോലത്തെ, ഗുരുവായൂര്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍ ഇന്ദ്രസെന്‍ ഏറ്റുവാങ്ങി. കൊമ്പന്മാരായ ദാമോദര്‍ദാസും, വലിയ വിഷ്ണുവും പറ്റാനകളായി. സ്വര്‍ണ്ണക്കോലം എഴുന്നെള്ളിപ്പിന് മുന്നില്‍ കുത്തുവിളക്കുകളും, ചൊവ്വല്ലൂര്‍ മോഹനനും, സംഘവും ചേര്‍ന്നൊരുക്കിയ പഞ്ചാരിമേളവും എഴുന്നെള്ളിപ്പിന് പ്രൗഢി നല്‍കി.
ഉത്സവനാളുകളില്‍ 6-ാം വിളക്ക് മുതല്‍ ആറാട്ടുവരേയും, ഏകാദശീ നാളുകളില്‍ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുന്നത്. ഉത്സവ നാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും ഭഗവാന്‍ തന്റെ പ്രജകളെ കാണാനായി ക്ഷേത്ര മതില്‍കെട്ടിന് പുറത്തേയ്‌ക്കെഴുന്നെള്ളുന്നതും ഈ സ്വര്‍ണ്ണകോലത്തില്‍ തന്നെ. വര്‍ഷത്തില്‍ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമാണ് ഭഗവാന്റെ സ്വര്‍ണ്ണകോലത്തിലുള്ള എഴുന്നെള്ളിപ്പ് .
ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കളുള്ള സ്വര്‍ണ്ണക്കോലം, വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ചുള്ള എഴുന്നെള്ളിപ്പ്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങോടുകൂടിയ ഉത്സവബലി ചൊവ്വാഴ്ച നടക്കും.