Madhavam header
Above Pot

യു ഡി എഫ് തൂത്തു വാരും :ഡോ. ജെ. പ്രഭാഷ്

തിരുവനന്തപുരം: യു.ഡി.എഫ് തൂത്തുവാരാൻ സാധ്യതയെന്ന സി.പി.എം സഹയാത്രികന്റെ വിലയിരുത്തലിൽ. കേരള സർവകലാശാലയുടെ അന്താരാഷ്ട്ര കേരളപഠന കേന്ദ്രത്തിന്റെ ഡയറക്ടറും കാര്യവട്ടം പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറ് മേധാവിയുമായിരുന്ന ഡോ. ജെ. പ്രഭാഷ് ആണ് ലോക്സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ യു.ഡി.എഫ് തൂത്തുവാരാൻ സാധ്യതയെന്ന് വിലയിരുത്തൽ നടത്തിയത്. കേരളത്തിൽ സംസ്ഥാന ഭരണത്തിനെതിരായ ജനവികാരം നിലനിൽക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ കാതൽ. കണ്ണൂരിലും ആലത്തൂരിലും മാത്രമാണ് എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. ഓരോ മണ്ഡലത്തിലെയും സൂക്ഷ്മതല സവിശേഷതകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Astrologer

തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ഇത്തവണ വോട്ട് കൂടുമെങ്കിലും ശശി തരൂരിനാണ് വിജയസാധ്യത എന്ന് ജെ. പ്രഭാഷ് പറയുന്നു. എന്നാൽ, വിശ്വപൗരൻ എന്ന വിശേഷണത്തിൽ വോട്ട് സംഘടിപ്പിക്കുന്നതിനൊക്കെ പരിധിയുണ്ടെന്ന് മുന്നറിയിപ്പും നൽകി. ആറ്റിങ്ങലിൽ മധ്യവർഗ വോട്ടർമാർക്ക് ഇടയിൽ സംസ്ഥാന സർക്കാരിനെതിരായ വികാരമുണ്ട്. അടൂർ പ്രകാശ് എം.പി എന്ന നിലയിൽ എതിർവികാരം നേരിടുന്ന ബി.ജെ.പി നേട്ടമുണ്ടാക്കുമെങ്കിലും ചെറിയതോതിൽ ആണെങ്കിലും അടൂർ പ്രകാശ് കടന്നു കൂടാനാണ് സാധ്യയെന്നാണ് ജെ. പ്രഭാഷിന്റെ നിരീക്ഷണം

കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ ഏറെ ജനകീയനാണെന്നും എം.എൽ.എ എന്ന നിലയിൽ എം. മുകേഷ് ജനങ്ങൾക്ക് അത്ര സ്വീകാര്യനല്ലെന്നാണ് പ്രഭാഷിന്റെ അഭിപ്രായം.മാവേലിക്കരിയിൽ ജനങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന എം.പിയായിരുന്നു കൊടിക്കുന്നിൽ സുരേഷ്. എന്നാലും ചെറിയതോതിൽ വിരുദ്ധ വികാരമുണ്ട്. എൽ.ഡി.എഫിന്റെ അരുൺകുമാർ നല്ല സ്ഥാനാർഥിയാണെങ്കിലും കൊടിക്കുന്നിലിന്റെ തന്ത്രജ്ഞതക്ക് മുന്നിൽ എത്ര പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന പ്രശ്നമുണ്ട്. യു.ഡി.എഫിന് തന്നെയാണ് മുൻതൂക്കം

കണ്ണൂരിൽ കെ. സുധാകരൻ മണ്ഡലം ശ്രദ്ധിച്ചില്ലെന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ട്. എം.വി. ജയരാജൻ കണ്ണൂരിന്റെ നിറസാന്നിധ്യമാണ്. സർക്കാർ വിരുദ്ധ വികാരം ഉണ്ടെങ്കിലും നേരിയ മുൻതൂക്കം മണ്ഡലത്തിൽ എൽ.ഡി.എഫിന് ഉണ്ടെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിന് അനുകൂല സാഹചര്യങ്ങൾ കാസർകോട് ഉണ്ടെന്ന് വിലയിരുത്തുന്നു. എം.പി എന്ന നിലയിൽ രാജ് മോഹൻ ഉണ്ണിത്താന് മണ്ഡലത്തിൽ പ്രവർത്തിക്കാനും ഇടപെടാനും കഴിഞ്ഞിട്ടുണ്ട്

ജെ. പ്രഭാഷുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളിൽ ഒരാളാണ് ഡോ. ടി.എം. തോമസ് ഐസക്ക്. എന്നിട്ടും പത്തനംതിട്ടയിൽ യു.ഡി.എഫ് മണ്ഡലമായതിനാൽ അത് പിടിച്ചെടുക്കുക അസാധ്യമെന്നാണ് പ്രഭാഷിന്റെ വിലയിരുത്തൽ. കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനാണ് മുൻതൂക്കം. ഇടുക്കിയിൽ യു.ഡി.എഫിനാണ് മേൽക്കൈ. ആലപ്പുഴയിൽ സി.പി.എമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ആരിഫ് വിജയിച്ചത്. അതു മറികടക്കാൻ കെ.സി. വേണുഗോപാലിന് ബുദ്ധിമുട്ടില്ല. വേണുഗോപാലിനാണ് മുൻതൂക്കം. ശോഭ സുരേന്ദ്രൻ വലിയ വോട്ട് പിടിച്ചാൽ മത്സരം കൂടുതൽ കടുക്കും എന്നാണ് പ്രഭാഷിന്റെ വിലയിരുത്തൽ

ആലത്തൂരിൽ ആകട്ടെ കഴിഞ്ഞ തവണ പി.കെ. ബിജുവിന് നെഗറ്റീവ് ഉണ്ടായി. ഈ വർഷം ആ ഘടകം ഇല്ല. രമ്യക്ക് പഴയ ഗ്ലാമർ ഇല്ല. കരിവന്നൂർ ബാങ്ക് കൊള്ള അടക്കമുള്ള വിഷയങ്ങൾ മണ്ഡലത്തിൽ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. കെ. രാധാകൃഷ്ണന് വ്യക്തിപരമായി വോട്ട് നേടാനുള്ള കഴിവുള്ളതിനാൽ ചെറിയ മുൻതൂക്കം ഉണ്ട്. ഉറപ്പിച്ചു പറയാൻ പറ്റുന്നില്ല. പാലക്കാട് സി.പി.എം നന്നായി അധ്വാനിക്കുന്നുണ്ടെങ്കിലും വി.കെ. ശ്രീകണ്ഠൻ കടന്നുകൂടുമെന്നാണ് പ്രഭാഷിന്റെ വിലയിരുത്തൽ.

തൃശൂരിൽ സുരേഷ് ഗോപി ജയിക്കണമെങ്കിൽ 35 ശതമാനം വോട്ട് കിട്ടണം. ക്രൈസ്തവർ സുരേഷ് ഗോപിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാൻ ഇടയില്ല. അതിനാൽ വിജയം എൽ.ഡി.എഫിനോ യു.ഡി.എഫിനോ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

ചാലക്കുടിയിൽ യു.ഡിഎ.ഫ് സ്ഥാനാർഥി ബെന്നി ബഹനാനെ ജനവിരുദ്ധ വികാരം നേരിടുന്നില്ല. അതിനാൽ യു.ഡി.എഫിന് സാധ്യതയുണ്ട്. കോഴിക്കോട് എം.കെ. രാഘവന് ഇടിവ് തട്ടിയിട്ടില്ല. യു.ഡി.എഫിന് തന്നെയാണ് മുൻതൂക്കം. വടകരയിൽ എൽ.ഡി.എഫിന് ഏറ്റവും മികച്ച സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. ന്യൂനപക്ഷ വോട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കിയാൽ അതിന്റെ ഗുണം, എൽ.ഡി.എഫിനെതിരായ ഭരണവിരുദ്ധ വികാരം, ആർ.എം.പിയുടെ സ്വാധീനം എന്നിവ യു.ഡി.എഫിന് അനുകൂലമാണ്. അതിനാൽ യു.ഡി.എഫിനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു, എറണാകുളം, വയനാട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളും യു.ഡി.എഫ് തന്നെ

സി.പി.എം സംസ്ഥാന നേതൃത്വത്തിലുള്ള ബുദ്ധജീവികളുമായി ഏറെ അടുപ്പമുള്ള രാഷ്ട്രീയ നിരീക്ഷനാണ് ഡോ. ജെ. പ്രഭാഷ്. ഏതാണ്ട് 2000 മുതൽ അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇടതുപക്ഷം ഗൗരമായി പരിഗണിയിച്ചിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ചാനലായ കൈരളിയിലാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അവതരിപ്പിച്ചിരുന്നത്. സി.പി.എം നേതൃത്വമാകട്ടെ അദ്ദേഹത്തിൻറെ വിലയിരുത്തലുകളെ ഗൗരവമായിട്ടാണ് കണ്ടിരുന്നത്.

Vadasheri Footer