പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണു ഇയാൾ ചിറ്റാറിൽ എത്തിയത് ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.
വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലി വെല്ലുവിളിയായിരുന്നു.
നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.