ഗുരുവായൂരിലെ തുലാഭാര വിവാദം , തലയൂരാൻ കഴിയാതെ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ തുലാഭാര കരാർ പുതിയ കരാറുകാരന് ഏല്പിച്ചു മണിക്കൂറുകൾക്കുള്ളിൽ പഴയ കരാറുകാരനെ തന്നെ ദേവസ്വം തിരിച്ചേല്പിച്ചു , ആദ്യമായാണ് ഇത്തരം നടപടി ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറിയത് .ഒരു ലക്ഷം രൂപയുടെ തുലാഭാരം നടന്നാൽ ഒരു രൂപ മാത്രം കമ്മീഷൻ ലഭിക്കുന്ന തരത്തിൽ തുലാഭാര കരാർ എടുത്ത ഗുരുവായൂർ സ്വദേശി മോഹനന് കരാർ നൽകാതെ മുൻ കരാറുകാരൻ ആയ റിനീഷിന് തന്നെ ദേവസ്വം തുലാഭാരം നടത്താൻ ഏല്പിച്ചു നൽകിയത് .
ഒരു ലക്ഷം രൂപക്ക് ഒരു രൂപ കമ്മീഷൻ നിരക്കിൽ കരാർ എടുത്ത ആൾക്ക് ഇത് നടത്തി കൊണ്ട് പോകണമെങ്കിൽ പ്രതി ദിനം 16 ,000 രൂപ ചിലവ് വരുമെന്നും , ഹൈക്കോടതി നിരോധിച്ച തട്ടിൽ പണത്തിൽ കണ്ണ് നട്ടാണ് കരാർ എടുത്തതെന്നും ചൂണ്ടി കാട്ടി ചെന്ദ്രാപ്പിന്നി സ്വദേശി ഹൈക്കോടതിൽ കേസ് ഫയൽ ചെയ്തിരുന്നു . ഹൈക്കോടതി യിൽ നടക്കുന്ന കേസ് തീർപ്പാകുന്നതിന് മുൻപ് കരാർ ഉറപ്പിച്ചു നൽകിയത് ആണ് ദേവസ്വത്തിന് വിനയായത് . ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ തിരിച്ചടി നേരിടുമെന്ന നിയമ ഉപദേശം ലഭിച്ചത് കൊണ്ടാണ ത്രെ പഴയ കരാറുകാരന് തന്നെ താൽക്കാലിക നടത്തിപ്പ് ഏൽപ്പിച്ചു കൊണ്ട് ദേവസ്വം തടിയൂരിയത് . അതെ സമയം പുതിയ കരാറുകാരനെ മുന്നിൽ നിറുത്തി ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥർ തന്നെയാണ് കരാർ എടുത്തിരിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട് .
വഴിപാടുകാരുടെ കയ്യിൽ നിന്നും തട്ടിൽ പണമായി 100 രൂപ വീതം ദേവസ്വം ഈടാക്കുന്നതിന് പുറമെ കരാറ് കാരും തട്ടിൽ പണം വാങ്ങുന്നത് സംബന്ധിച്ച് വാർത്ത വന്നതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് ഒരു കാരണവശാലും തട്ടിൽ പണം ഈടാക്കരുതെന്ന് ഉത്തരവ് നൽകിയിരുന്നു . വഴിപാടുകാർ തുലാഭാരം തട്ടിൽ വെക്കുന്ന പണം എടുത്ത് ഭണ്ഡാരത്തിൽ ഇടണമെന്നും കോടതി നിര്ദേശിച്ചിരുന്നുവത്രെ .
അതെ സമയം തുലാഭാര നടത്തിപ്പ് ചിലവ് കണക്കാക്കി ദേവസ്വം ഈടാക്കുന്ന തട്ടിൽ പണത്തിൽ നിന്ന് ഒരു ഭാഗം തുലാഭാര നടത്തിപ്പുകാർക്ക് നൽകുകയോ അല്ലെങ്കിൽ ദേവസ്വം നേരിട്ട് തുലാഭാരം നടത്തുകയോ ചെയ്യണമെന്ന ആവശ്യവും സജീവമാണ് . നേരെത്തെ ക്ഷേത്രത്തിൽ ചോറൂണ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനുള്ള കരാർ രണ്ടു കോടിയോളം രൂപയ്ക്കാണ് ദേവസ്വം കരാർ നൽകിയിരുന്നത് .ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്ന് ദേവസ്വം നേരിട്ട് ആളെ നിയമിച്ചു ഫോട്ടോ എടുക്കൽ ആരംഭിച്ചാണ് പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ടത്.