ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര “തട്ടിൽ പണ കൊള്ളക്ക്” തടയിട്ട് ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് നടത്തുന്ന ഭക്തരിൽ നിന്ന് തുലാഭാര കരാർ മാഫിയ നടത്തുന്ന തട്ടിൽ പണ കൊള്ളക്ക് തടയിട്ട് ഹൈക്കോടതി .തുലാഭാരം വഴിപാട് നടത്തുന്ന ഓരോ ഭക്തരിൽ നിന്നും തട്ടിൽ പണം എന്ന പേരിൽ നൂറു രൂപ വീതം ദേവസ്വം രശീതി നൽകി ഈടാക്കുന്നതിന് പുറമെ വീണ്ടും തട്ടിൽ പണം , ദക്ഷിണ എന്ന ഓമന പേരിൽ കരാറുകാരന് ഭക്തരിൽ നിന്നും ഈടാക്കാൻ അനുവദിക്കാനാകില്ല എന്ന ഹൈകോടതി ഉത്തരവിൽ പറഞ്ഞു .തട്ടിൽ പണ കൊള്ളയെ കുറിച്ച് മലയാളം ഡെയിലി.ഇൻ ഓൺലൈൻ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പ്രസ്താവിച്ചത്. കരാറുകാരന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ ഹാജരായി.
ഭക്തർ തുലാഭാര തട്ടിൽ പണം വെക്കരുതെന്നും, ദേവസ്വം രശീതി നൽകി നൂറു രൂപ വീതം ഭക്തരിൽ നിന്നും ഈടാക്കുന്നുണ്ടെന്നും മലയാളം ഇംഗ്ലീഷ് ,തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ തുലാഭാരം നടത്തുന്ന സ്ഥലത്ത് പോസ്റ്റർ വെക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട് . തുലാഭാര മാഫിയ തട്ടിൽ പണം, ദക്ഷിണ എന്ന പേരിൽ ഭക്തരെ കൊള്ളയടിക്കുണ്ടോ എന്ന് ഒരു ഉദ്യോഗസ്ഥൻ സ്ഥിരമായി പരിശോധന നടത്തണം , ഇതിന് പുറമെ തുലാഭാരം കൗണ്ടറിൽ സി സി റ്റി വി കാമറകൾ സ്ഥാപിച്ചു സ്ഥിരമായി നീരിക്ഷിക്കണം , തുലാഭാരത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്താൻ ഒരു ഉദ്യോഗസ്ഥനെ ദേവസ്വം ചുമതല പെടുത്തണം.
തുലാഭാരത്തിന് ഉപയോഗിക്കുന്ന കദളി പഴം, പൂവൻ പഴം ചെറുപഴം നേന്ത്രപ്പഴം എന്നിവ ആഴ്ചയിൽ മൂന്ന് പ്രാവശ്യം വീതം മാറ്റി പുതിയത് കൊണ്ട് വരണം , ഇളനീർ ആഴ്‌ചയിൽ രണ്ടു തവണയും വെണ്ണ 15 ദിവസം കൂടുമ്പോഴും മാറ്റണം ഇതിനു പുറമെ വെണ്ണ റെഫ്രിജറേറ്ററിൽ വേണം സൂക്ഷിക്കാൻ, ഇപ്പോഴത്തെ വെണ്ണക്കുടം തുറന്നാൽ പരിസരത്ത് ഉള്ളവർ ബോധം കെട്ട് വീഴും , മത്തൻ, വെള്ളരി, കുമ്പളം, ചേന എന്നിവ മാസത്തിൽ ഒരിക്കൽ മാറ്റി പുതിയത് സ്റ്റോക്ക് ചെയ്യണം ശർക്കര മൂന്ന് മാസത്തിൽ ഒരിക്കൽ മാറ്റണം , എല്ലാ തുലാഭാര സാധനങ്ങളും കുറഞ്ഞത് 110 കിലോ വീതം കൗണ്ടറിൽ ഉണ്ടായിരിക്കണം നിലവിൽ ഓരോ സാധനവും പത്തോ ഇരുപതോ കിലോ മാത്രമാണ് ഉണ്ടാകുക ബാക്കി തൂക്ക കട്ടി വെച്ചാണ് തുലാഭാരം നടത്തുന്നത്.
മുൻപ് കമ്മീഷൻ വ്യവസ്ഥയിൽ ആണ് ദേവസ്വം തുലാഭാര കരാറുകൾ നൽകിയിരുന്നത് . അതിന് പകരമായി ദേവസ്വത്തിന് 42 ലക്ഷം രൂപ നൽകി കരാർ എടുത്തത് ഭക്തരെ കൊള്ളയടിക്കാൻ ദേവസ്വം ഒത്താശ ചെയ്തത് കൊണ്ട് മാത്രമാണ് . ഇതിന്റെ വിഹിതം പലരുടെയും പോക്കറ്റിലേക്ക് കൃത്യമായി എത്തിയിരുന്നു . അത് കൊണ്ടാണ് കൊള്ളയെ കുറിച്ച് വാർത്ത വന്നിട്ടും വീണ്ടും തുലാഭാര മാഫിയക്ക് അഴിഞ്ഞാടാൻ വീണ്ടും അവസരം ലഭിച്ചത്, ഇത് വരെ ദശ ലക്ഷകണക്കിന് രൂപയാണ് ഭക്തരിൽ തുലാഭാര മാഫിയ കൊള്ളയടിച്ചത് . ഹൈക്കോടതി വിധി ഭക്തർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് , തുലാഭാരം നടത്തിയ ഒരു ഭക്തൻ തുലാഭാര തട്ടിൽ വെച്ച പണം കുറഞ്ഞു പോയെന്നു പറഞ്ഞു തുലാഭാരം മാഫിയ ഭക്തനോട് തട്ടി കയറുകയും പണം തിരിച്ചു കൊടുത്ത് അപമാനിക്കുകയും ചെയ്തിരുന്നു . ഇതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തി തുലാഭാര തട്ടിൽ പണ കൊള്ളയെ കുറിച്ച് മലയാളം ഡെയിലി വാർത്ത നൽകിയത്