ഗുരുവായൂരിലെ തുലാഭാര തട്ടിൽ പണ കൊള്ള , ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിനിടെ തട്ടിൽ പണം എന്ന പേരിൽ ഭക്തരിൽ നിന്നും തട്ടിപ്പറിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . തുലാഭാര കരാറുകാർ ഭക്തരെ കൊള്ളയടിക്കുന്നത് സംബന്ധിച്ച് മെയ് 19 ന് മലയാളം ഡെയ്‌ലി .ഇൻ നൽകിയ വാർത്ത ഏതോ ഭക്തൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഹൈക്കോടതി സുമോട്ടോ കേസ് എടുക്കു കയായിരുന്നു. .
സംഭവ സ്ഥലത്തെ സി സി വി ദൃശ്യങ്ങൾ നശിപ്പിക്കാതെ അഡ്മിനിസ്ട്രേറ്ററുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനും ഇതിന്റെ പകർപ്പ് ഹൈക്കോടതിക്ക് നൽകാനും ദേവസ്വത്തിന് ഹൈക്കോടതി ഉത്തരവ് നൽകി . ദേവസ്വം സെക്രട്ടറി , ഗുരുവായൂർ ദേവസ്വം ഭരണ സമിതി , അഡ്മിനിസ്ട്രേറ്റർ , തുലാഭാര കരാറുകാരനായ മലപ്പുറം ചേലമ്പ്ര ഇടിമുഴിക്കൽ അമ്പിളി വീട്ടിൽ എ റിനീഷ് എന്നിവരെ എതൃകക്ഷികൾ ആക്കിയാണ് ഹൈക്കോടതി കേസ് എടുത്തിട്ടുള്ളത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,,പി ജി അജിത് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അതെ സമയം തട്ടിൽ പണമായല്ല വാങ്ങുന്നതെന്നും ദക്ഷിണ ആയാണ് വാങ്ങുന്നതെന്നും കരാറുകാരന്റെ നിലപാട്
<p> നേരത്തെ നൽകിയ വാർത്ത വീണ്ടും കാണാം</p>
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിലെ തട്ടിൽ പണം കയ്യിൽ പണമായി മാറി . തുലാഭാരം വഴിപാട് കാരുടെ കയ്യിൽ നിന്ന് നൂറു രൂപ വീതം ദേവസ്വം തട്ടിൽ പണം ഈ ടാക്കുന്നതിന് പുറമെ കരാറുകാരനും ഭക്തരെ കൊള്ളയടിക്കുന്ന വിവരം മലയാളം ഡെയിലി ഓൺലൈനിൽ വാർത്ത വന്നതിനെ തുടർന്നാണ് തുലാഭാര കരാറുകാരന്റെ കിങ്കരന്മാർ കയ്യിൽ നേരിട്ട് ചോദിച്ചു വാങ്ങുന്ന ഏർപ്പാട് തുടങ്ങിയത് . ബുധനാഴ്ച്ച ഒരു തുലാഭാര വഴിപാട് കാരന്റെ കയ്യിൽ നിന്ന് ഇരുനൂറു രൂപയാണ് ചോദിച്ചു വാങ്ങിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു .42.5 ലക്ഷം രൂപ ദേവസ്വത്തിന് നൽകിയാണ് കരാറുകാരൻ തുലാഭാരം ലേലം എടുത്തിട്ടുള്ളത് .42.5 ലക്ഷം രൂപ ദേവസ്വത്തിന് നൽകിയ കരാറുകാരൻ ദിനം പ്രതി രണ്ടു ലക്ഷത്തിലധം രൂപയാണ് ഭക്തരെ കൊള്ളയടിച്ചു കൊണ്ട് പോകുന്നത്രെ.വർഷത്തിൽ ഏഴു കോടിയോളം രൂപയാണ് ഭക്തരിൽ നിന്നും കൊള്ളയടിക്കുന്നത് . ഇതിൽ ഒരു വിഹിതം പാർട്ടിക്കും എത്തിക്കണം പാർട്ടിയിലെ ദേവസ്വം കൈകാര്യം ചെയ്യുന്ന നേതാവിനാണ് നൽകേണ്ടത് .ക്ഷേത്രത്തിലെ പാർട്ടിക്കാരായ ഉദ്യോഗസ്ഥർ കരാറുകാരനെ ഓർമപ്പെടുത്തും നേതാവിനെ കണ്ടില്ലേ എന്ന് .
മുൻപൊക്കെ കരാറുകാർക്ക് പണം നൽകിയാണ് തുലാഭാരം ദേവസ്വം കരാറു നൽകയിരുന്നത് . കഴിഞ്ഞ ഭരണ സമിതിയിൽ ബിസിനസ് മാഗ്നറ്റ് ആയ ആൾ ചെയര്മാന് ആയപ്പോഴാണ് ദേവസ്വം പണം വാങ്ങി തുലാഭാര കരാർ കൊടുക്കൽ ആരംഭിച്ചത് , ആദ്യം വെറും 15,000 ൽ തുടങ്ങി പിന്നീട് 19 ലക്ഷമാകുകയും ഇപ്പോൾ 42.5ലക്ഷത്തിൽ എത്തി നിൽക്കുകയുമാണ് . കരാറുകാർക്ക് അങ്ങോട്ട് പണം നൽകി തുലാഭാരം നടത്തിയിരുന്ന സ്ഥാനത്ത് 42.5 ലക്ഷം ദേവസ്വത്തിന് വരുമാന വർദ്ധനവ് ഉണ്ടാക്കി എന്നാണ് ഭരണ സമിതിയുടെ വീമ്പു പറച്ചിൽ .
പതിനായിരക്കണക്കിന് വരുന്ന ഗുരുവായൂരപ്പ ഭക്തരെ കൊള്ളയടിച്ചു കോടിക്കണക്കിനു രൂപ തുലാഭാരം മാഫിയക്ക് ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് അവർ മറച്ചു പിടിക്കുന്നു . മുൻപ് സ്ഥിരമായി തുലാഭാരം നടത്തുന്ന സാധനങ്ങൾ ഓരോന്നും ഏറ്റവും കുറഞ്ഞത് 60 കിലോ എങ്കിലും ഉണ്ടാകണമെന്ന നിർദേശം ഉണ്ടായിരുന്നു . വഴിപാടുകാരൻ അതിൽ കൂടുതൽ തൂക്കമുള്ള ആളാണെങ്കിൽ ബാക്കി കട്ടി വെച്ച് തൂക്കം ശരിയാക്കുമായിരുന്നു .
ഇപ്പോൾ അത് പത്ത് കിലോ സാധനങ്ങളും ബാക്കി കട്ടിയുമായി മാറി . ഇത് കാരണം ഏറ്റവും കുറച്ചു സാധനങ്ങൾ വാങ്ങി സൂക്ഷിച്ചാൽ മതി കരാറുകാരന് .പഴമാണെങ്കിൽ ഒന്നോ രണ്ടോ കുല മാത്രമാണ് ഉണ്ടാകുക അതാണെങ്കിൽ ശബരിമലക്ക് പോകാൻ വസ്ത്രം മാറിയവരുടെ അവസ്ഥയിലും .ഇളനീർ എന്ന് പറഞ്ഞു ചാക്കിൽ ഉണങ്ങിയ കുറച്ചു നാളികേരം ഉണ്ടാകും വഴിപാട് കാരന് ഇതിൽ എന്താണെന്നു പോലും അറിയില്ല , വെണ്ണകുടമാണെങ്കിൽ തുറന്നാൽ പരിസരത്തുള്ളവർ ബോധ രഹിതരാകും . കരാറുകാരന് ഭക്തരെ കൊള്ളയടിക്കാൻ എല്ലാവിധ സൗകര്യവും ദേവസ്വം ചെയ്തു കൊടുത്തിട്ടുണ്ട് . തട്ടില്‍പണം, തട്ട് തേയ്മാനത്തിനുള്ളതാണ്, പണ്ട് ഒരു രൂപയായിരുന്നു. . തട്ടില്‍പണവും, ശ്രീഗുരുവായൂരപ്പനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന കാര്യം ഭരിക്കുന്നവർക്കും അറിയില്ല. എന്നിട്ടും തുലാഭാരം നടത്തുന്ന ഭക്തരില്‍നിന്ന് ദേവസ്വം രേഖാമൂലം 100-രൂപ വാങ്ങിയെടുക്കുന്നുണ്ട് .
അതെ സമയം തട്ടിൽ പണം വാങ്ങുന്നത് തങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടിട്ടില്ല എന്നാണ് അഡ്മിനിസ്ട്രേറ്റർ അഭിപ്രായപ്പെട്ടത് . മുൻപ് ആരും തട്ടിൽ പണം വെക്കരുതെന്ന് ഇടക്ക് മൈക്കിൽ കൂടി വിളിച്ചു പറയുമായിരുന്നു . ഇപ്പോൾ അത് പോലും ഇല്ലാതായത്രെ. കരാറുകാരന്റെ കയ്യിലേക്ക് ഒഴുകുന്ന കോടികളിൽ നിന്ന് ഉന്നതരായ പലരുടെ പോക്കറ്റിലേക്കും ലക്ഷങ്ങൾ ഒഴുകി എത്താതെ കൊള്ളക്ക് കൂട്ട് നിൽക്കില്ല എന്നാണ് ഭക്തരുടെ ആരോപണം . അര കോടി രൂപയോളം മുടക്കി കരാർ എടുക്കുകയൂം പത്ത് പേരെ ജോലിക്ക് വെച്ച് തുലാഭാരം നടത്തുന്ന ആൾ ഭക്തി കൊണ്ട് ഭഗവാനെ സേവിക്കുകയാണ് എന്ന ദേവസ്വം ഭരണാധികാരികൾക്ക് ഉള്ള വിശ്വാസം ഭക്തർക്ക് ഇല്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നവും. ഏതാനും ലക്ഷങ്ങൾ ദേവസ്വത്തിന് നൽകി ഭക്തരെ കൊള്ളയടിക്കുന്നതിനു ദേവസ്വം കൂട്ട് നിൽക്കുന്നു എന്നതാണ് ആശങ്ക പെടുത്തുന്നത്. ഭക്തരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ ദേവസ്വം തയ്യാറാകുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഭക്ത ജന സംഘടനകൾ.
പുറത്ത് നിന്ന് ആർക്കും കാണാൻ കഴിയാത്ത രീതിയിലാണ് തുലാഭാരം നടത്തുന്ന കൂടു പണിതിട്ടുള്ളത് . കരാറു കാരൻ ഭക്തരെ കൊള്ളയടിക്കാതിരിക്കണമെങ്കിൽ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി തുലാഭാരം സുതാര്യമായ രീതിയിൽ നടത്തേണ്ടതാണ് ഇത് വഴി ക്ഷേത്രത്തിനകത്തെ തിരക്ക് ഒരു പരിധി വരെ കുറക്കാനും സാധിക്കും . പണ്ട് ക്ഷേത്ര കൊടിമരത്തിന് സമീപം നടന്നിരുന്ന വിവാഹങ്ങൾ പുറത്തെ നടപന്തലിലേക്ക് മാറ്റിയത് ക്ഷേത്രത്തിനകത്തെ തിരക്ക് ഒഴിവാക്കാൻ വേണ്ടിയായിരുന്നു , ചോറൂണ് ഊട്ടുപുരയിലേക്ക് മാറ്റിയതും തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു അത് പോലെ തുലാഭാരവും പുറത്തേക്ക് മാറ്റിയാൽ ക്ഷേത്രത്തിനകത്തെ ഇപ്പോൾ ഉള്ള തിരക്കിന് വലിയ ശമനം ഉണ്ടാകും