
തൃശൂർ കോർപ്പറേഷനെതിരെ ഉപഭോക്തൃ കോടതി വിധി.

തൃശൂർ : കുടിശ്ശികയാരോപിച്ച് നൽകിയ വാട്ടർ ബില്ലുകൾ റദ്ദ് ചെയ്യുവാനും നഷ്ടവും ചിലവും നൽകുവാനും വിധി. തൃശൂർ ചെമ്പോട്ടിൽ ലൈനിലെ ശ്രീബുദ്ധ ലോഡ്ജ് ഉടമ രാഹുലൻ.കെ.ബി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായതു്. ലോഡ്ജിലെ കണക്ഷനുകളാണെന്നാരോപിച്ച് 14763 രൂപ വീതമുള്ള രണ്ട് വാട്ടർ ബില്ലുകൾ കോർപ്പറേഷൻ ഹർജിക്കാരന് നൽകുകയായിരുന്നു.


2006 മാർച്ച് മുതൽ 2016 ഒക്ടോബർ വരെ കാലഘട്ടത്തിലേക്കുള്ള ബില്ലുകളെന്ന് പറഞ്ഞാണ് നൽകുകയുണ്ടായത്.സംഖ്യ അടച്ചില്ലെങ്കിൽ ജപ്തി മുതലായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.ഇപ്രകാരം കണക്ഷനുകൾ സ്ഥാപനത്തിൽ ഉപയോഗിച്ചു വരാത്തതാണെന്നും ബില്ലുകൾ നിയമവിരുദ്ധമാണെന്നും ആരോപിച്ച് ഹർജി ഫയൽ ചെയ്യുകയായിരുന്നു.ബില്ലുകൾക്കാസ്പദമായ രേഖകൾ ഹാജരാക്കുവാൻ കോർപ്പറേഷന് കഴിഞ്ഞില്ല.

ശരിയായ രേഖകളില്ലാതെ ഇപ്രകാരം സംഖ്യകൾ ആവശ്യപ്പെടുന്നതു് ബില്ലുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നല്കിയ ബില്ലുകൾ റദ്ദ് ചെയ്യുവാൻ കല്പിച്ചും ജപ്തി തുടങ്ങിയ നടപടികൾ സ്വീകരിക്കരുതെന്ന് കല്പിച്ചും നഷ്ടപരിഹാരമായി 10,000 രൂപ നൽകുവാൻ കല്പിച്ചും ചിലവിലേക്ക് 5000 രൂപ നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .
