ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.

Above Pot

എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യ പ്പെട്ട് ഉപഭോക്തൃനിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാൻ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നടപടികൾക്കായി കേസ് 2025 ഏപ്രിൽ 7ന് വെച്ചിട്ടുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി