തൃക്കാക്കരയില്‍ എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ ,”കഫേ റിട്രോ” അടച്ചു പൂട്ടി.
കൊച്ചി : തൃക്കാക്കരയില്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുഴിക്കാട്ടുമൂലക്ക് സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഇവരുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. കുഴിക്കാട്ടമൂല മുരിയങ്കര ലൈനില്‍ പ്രവര്‍ത്തിക്കുന്ന കഫേ റിട്രോ എന്ന ഹോട്ടലിലാണ് പഴകിയ ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചര്‍ദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് പരാതി കൈമാറുകയായിരുന്നു. ബുധനാഴ്ച രാവിലെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് സജിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗവും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡെങ്കിപ്പനി സാധ്യതയെ കുറിച്ച് പഠിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. പഴകിയ മാവും മറ്റ് ഭക്ഷണപദാര്‍ഥങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും പാത്രങ്ങളിലും സമീപത്തു തന്നെയുള്ള ടയറുകളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെറ്റുപെരുകുന്നതായി കണ്ടെതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹോട്ടലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അടച്ചുപൂട്ടുകയുമായിരുന്നു.