Header 1 = sarovaram
Above Pot

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നത് പരിശോധിക്കണം: അഡ്വ. പി. സതീദേവി

തൃശൂർ : തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

Astrologer

തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം വനിതാ കമ്മിഷന്‍ 11 തൊഴില്‍ മേഖലകളെ കണ്ടെത്തി സ്ത്രീകള്‍ക്കായി പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. അസംഘടിത മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹിക പരിരരക്ഷ, ക്ഷേമ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് വനിതകള്‍ക്ക് അറിവു പകരുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും വനിതാ അധ്യക്ഷ പറഞ്ഞു.

പെണ്‍കുട്ടികള്‍ വിലപേശി വില്‍ക്കപ്പെടുന്ന വിവാഹ കമ്പോളത്തിലെ വസ്തുക്കളായി മാറിയതാണ് അടുത്തിടെയുണ്ടായിട്ടുള്ള സ്ത്രീധന മരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ഈ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്.

സ്ത്രീ സംരക്ഷണത്തിന് അനുകൂല നീതി വ്യവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ നേരിടാന്‍ ബോധവത്കരണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസംഘടിത മേഖലയിലെ ക്ഷേമനിധിയുടെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നുവെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് സ്ത്രീകള്‍ക്ക് അവബോധം നല്‍കാനും സ്ത്രീ തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചത്.

‘തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013’ എന്ന വിഷയത്തില്‍ അഡ്വ. ആശ ഉണ്ണിത്താനും ‘അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃതയും സെമിനാര്‍ അവതരിപ്പിച്ചു.

വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, തൃശൂര്‍ ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. മീര, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മെമ്പര്‍ രജിത വിജിഷ്, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ടി.ജെ. മജീഷ്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

Vadasheri Footer