Header 1

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം ചൊവ്വാഴ്ച ആരംഭിക്കും

ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ചൊവ്വാഴ്ച തുടക്കംകുറിച്ച് 14-ന് സമാപിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ മെയ് 9-ന് അവസാനിച്ച് അന്നുരാത്രി 8-ന് ഉത്സവം കൊടികയറും. മെയ് 11-ന് ഭഗവതിയ്ക്ക് ബ്രഹ്മകലശം, എട്ടാം വിളക്കുദിവസമായ 12-ന് ഉത്സവബലി, സര്‍പ്പബലി, 13-ന് പള്ളിവേട്ട, 14-ന് ആറാട്ടുകഴിഞ്ഞ് കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയാകും. ആചാരാനുഷ്ടാന അനുബന്ധ ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടും സംഘവും, ആചാരവരണം തുടങ്ങി മറ്റുചടങ്ങുകള്‍ക്ക് ഊരാളന്‍ ബ്രഹ്മശ്രി പരമേശ്വരന്‍ നമ്പൂതിരിപ്പാടും കാര്‍മ്മികത്വം വഹിയ്ക്കും. വൈശാഖമാസ പുണ്യ ധന്യതയില്‍ നടത്തപ്പെടുന്ന ബ്രഹ്മോത്സവ വേളയില്‍ മൂലദൈവരൂപമായ രാമാനുജന്‍ ജയന്തിയും ഈ മാസം 9-ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ശ്രീഭൂതവലി, രണ്ടുനേരവും ശീവേലി, ദീപാരാധന, തായമ്പക, ചുറ്റുവിളക്ക് എന്നിവയും, കൂടാതെ വടക്കേനടയ്ക്കല്‍ ഭഗവാന്റെ തങ്കതിടമ്പ് പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യവുമൊരുക്കും. ഉത്സവവാദ്യമേളപ്പെരുക്കത്തിന് കോട്ടപ്പടി സന്തോഷ് മാരാരും, തായമ്പയ്ക്ക് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചൊവ്വല്ലൂര്‍ മോഹനവാരിയര്‍, കോട്ടപ്പടി രാജേഷ് മാരാര്‍ എന്നിവരും അണിനിരക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആധ്യാത്മിക-കലാ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് ചൊവ്വാഴ്ച വൈകീട്ട് 6-ന് ഊരാളന്‍ ബ്രഹ്മശ്രി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദീപോജ്ജ്വലനം നിര്‍വ്വഹിയ്ക്കും. തുടര്‍ന്ന് നായര്‍ സമാജം പാഞ്ചജന്യം കലാസാംസ്‌ക്കാരിക വേദിയുടെ ഭക്തിഗാനസുധ, നൃത്തനൃത്ത്യങ്ങള്‍, എന്‍.എസ്.എസ് തൈക്കാടിന്റെ കൈകൊട്ടികളി എന്നിവയോടെ കലാവിരുന്നിന് തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഷ്ടപദി, നാരായണീയ പാരായണം, അക്ഷരശ്ലോകം ഉള്‍പ്പടെ വിവിധ കലാപരിപാടികളുമുണ്ടാകും. നാളെ മുതല്‍ ഉത്സവാവസാന ദിവസമായ 14-വരെ ദിവസവും ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടായിരിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജി.കെ. രാമകൃഷ്ണന്‍, ബാലന്‍ വാറണാട്ട്, ചന്ദ്രന്‍ ചങ്കത്ത്, ശിവന്‍ കണിച്ചാടത്ത്, ശശി വാറണാട്ട്, രാജു എന്നിവര്‍ പങ്കെടുത്തു

Above Pot