തിരുവെങ്കിടം അടിപ്പാത, റെയില്‍വേ അനുമതിയായി.
ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത റെയില്‍വേ അനുമതിയായി. അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം സംബന്ധിച്ച നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം , ഗുരുവായൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ അനുബന്ധപ്രവര്‍ത്തികള്‍ എന്നിവ സംബന്ധിച്ച് എം.എല്‍.എ.എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ഗുരുവായൂര്‍ നഗരസഭ ഹാളില്‍ യോഗം ചേര്‍ന്നു, തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം സംബന്ധിച്ച് റെയില്‍വേയില്‍ നിന്നുമുള്ള എല്ലാ അനുമതികളും ലഭിച്ചതായും എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയായ കെ- റെയില്‍ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.
തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിന്‍റെ വീതി കൂട്ടുന്നതിന് ഗുരുവായൂര്‍ ദേവസ്വം 9 സെന്‍റ് സ്ഥലം അനുവദിച്ചിരുന്നതായും ഗുരുവായൂര്‍ ദേവസ്വം സ്ഥലം നല്‍കിയതിനെതിരെയുള്ള പരാതിയില്‍ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ദേവസ്വം എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. എത്രയും വേഗം കേസ് തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ നഗരസഭ റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി 2 സെന്‍റോളം വരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് നഗരസഭക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കുകയുണ്ടായി , ഗുരുവായൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലത്തെ ബ്യൂട്ടിഫിക്കേഷന്‍, ഓപ്പണ്‍ജിം, ഫുഡ് കോര്‍ട്ട് എന്നിവ സംബന്ധിച്ച് വിശദമായ പ്രോപ്പോസല്‍ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് സമര്‍പ്പിക്കുന്നതിന് നഗരസഭയെ ചുമതലപ്പെടുത്തി. ആയതിന്‍റെ ഭാഗമായി അടിയന്തിരമായി ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ഗുരുവായൂര്‍ മേല്‍പ്പാലത്തിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം നടത്തുന്നതിനും പാര്‍ക്കിംഗ് നിരോധിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫ്ലക്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. . അവലോകന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി അഭിലാഷ്, നഗരസഭ എഞ്ചിനീയര്‍ ഇ. ലീല, ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ ഗീവര്‍ഗ്ഗീസ്, ദേവസ്വം അസി.എക്സി.എഞ്ചിനീയര്‍ അശോകന്‍ കെ- റയില്‍ പ്രതിനിധികള്‍, , വിവിധ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.