സ്വർണവും, സ്കൂട്ടറും മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ
തൃശൂർ : ജോലിക്ക് നിൽക്കുന്ന വീടുകളിൽ നിന്നും സ്വർണവും, വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന ഹോം നഴ്സ് ആയ യുവതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊടുമ്പ് സ്വദേശിനി പടിഞ്ഞാറെ പാവെട്ടി വീട്ടിൽ മഹേശ്വരിയെയാണ് (41) അറസ്റ്റ് ചെയ്തത്.
ഹോം നേഴ്സായി ജോലിക്കു നിന്ന ശേഷം വീടുകളിൽ നിന്നും സ്വർണ്ണവും ഒപ്പം സ്കൂട്ടറും മോഷ്ടിക്കുന്നതാണ് മഹേശ്വരിയുടെ രീതി. മല്ലിക, സുമതി, സിന്ധു തുടങ്ങി പല കള്ള പേരുകളിലാണ് ഇവർ ജോലിക്കു നിന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണവും സ്കൂട്ടറും മോഷ്ടിച്ച ശേഷം പാലക്കാടുള്ള നാട്ടിൽ സ്കൂട്ടറെത്തിച്ച് ആവശ്യാനുസരണം ഉപയോഗിക്കും.
കഴിഞ്ഞ മാസം കനറാ ബാങ്കിലെ റിട്ട. സീനിയർ മാനേജരായ പഴുവിൽ വെസ്റ്റ് മൂത്തേരി രാജീവിന്റെ വീട്ടിൽ നിന്നുമാണ് അവസാനമായി കവർച്ച ചെയ്യുന്നത്. തൃശൂരിലെ ഹോം നേഴ്സിങ്ങ് സ്ഥാപനം വഴിയാണ് ഇവർ ജോലിക്കെത്തിയത്. മൂന്നു മാസത്തോളം രാജീവിന്റെ മാതാപിതാക്കളെ പരിചരിക്കാൻ നിന്നു. തക്കം കിട്ടിയപ്പോഴാണ് മൂന്നരപ്പവൻ തൂക്കം വരുന്ന മാലയും കമ്മലും, വീട്ടിലെ സ്കൂട്ടറുമായി കടന്നു കളയുന്നത്. തുടർന്ന് രാജീവ് അന്തിക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
യുവതിയെ കുറിച്ച് പോലീസ് എല്ലാ സ്റ്റേഷനിലേക്കും വിവരം നൽകിയിരുന്നു. ഇതിനിടെ സ്കൂട്ടറുമായി പാലക്കാട് സ്വന്തം നാട്ടിൽ കറങ്ങി നടക്കുന്നതായി അന്തിക്കാട് സി.ഐ: പി.കെ മനോജ് കുമാറിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് യുവതിയെ പിടികൂടുകയും അന്തിക്കാട് പോലീസിന് കൈമാറുകയും ചെയ്തു. സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതിയാണെന്ന് അന്തിക്കാട് എസ്.ഐ: കെ.ജെ ജിനേഷ് പറഞ്ഞു. എ.എസ്.ഐ ഷാജു, അനൂപ്, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിൽജ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.