
ജഗത് മുരാരിയുടെ ജീവിതം പറയുന്ന ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഇന്ത്യൻ സിനിമാ ലോകത്ത് വിസ്മയകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഡോക്യുമെന്ററി സംവിധായകനും നിർമാതാവുമായ ജഗത് മുരാരിയുടെ ജീവിതത്തെയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) ചരിത്രത്തെയും ആധാരമാക്കിയുള്ള പുസ്തകം രചിച്ചത് മുരാരിയുടെ മകളും എഴുത്തുകാരിയുമായ രാധ ചദ്ദയാണ്.

ഹോട്ടൽ ഹൈസിന്തിലെ നടന്ന പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പ്രകാശനം നിർവഹിച്ചത്.

ഇന്ത്യൻ സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ ജഗത് മുരാരിയും എഫ്ടിഐഐയും വഹിച്ച നിർണ്ണായക പങ്കിനെക്കുറിച്ച് അടൂർ സംസാരിച്ചു. അടൂർ, ഷബാന ആസ്മി, ജയാ ബച്ചൻ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മുരാരിയുടെ ദീർഘവീക്ഷണം എങ്ങനെ സ്വാധീനിച്ചുവെന്ന് പുസ്തകം വിശദമാക്കുന്നു. കേരളത്തിലാണ് എഫ്ടിഐഐയുടെ ഏറ്റവും കൂടുതൽ പൂർവ വിദ്യാർത്ഥികൾ ഉള്ളതെന്ന അറിവ് സന്തോഷം പകരുന്നതായി രാധാ ചദ്ദ വ്യക്തമാക്കി.

ജഗത് മുരാരിയുടെ ഡയറിക്കുറിപ്പുകളും കത്തുകളും അഭിമുഖങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ കൃതി, പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചലച്ചിത്ര വിദ്യാർത്ഥികൾക്കും സിനിമാ പ്രേമികൾക്കും ഇന്ത്യൻ സിനിമയുടെ വികാസപരിണാമങ്ങളെക്കുറിച്ച് അറിവ് നൽകുന്ന പ്രധാന ചരിത്രരേഖ കൂടിയാണ് പുസ്തകം. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സാംസ്കാരിക മേഖലയിലെ നിരവധി പങ്കെടുത്തു.
