ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തിതട്ടിപ്പ്, പോലീസിൽ പരാതി നൽകാത്തതിൽ ദുരൂഹത : ബി ജെ പി
ഗുരുവായൂര്‍ : ഗുരുവായൂരിലെ സി.പി.എം നേതൃത്വത്തിന്റെ അറിവോടേയാണ് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയതെന്ന് ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു. സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും വഴിയോര കച്ചവട യൂണിയൻ ജില്ലാ കമ്മറ്റി അംഗവും, ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തിലെ താല്‍ക്കാലിക ജീവനക്കാരനുമായ കെ എ രഘുവിനെതിരെ സഹകരണ സംഘം ഭാരവാഹകൾ ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ മഞ്ചറമ്പത്ത് കൂട്ടിച്ചേർത്തു.
തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയ്‌സ് സഹകരണ സംഘം ഓഫീസിലേക്ക് ബി.ജെ.പി ഗുരുവായൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു, അദ്ദേഹം.
ഗുരുവായൂരിലെ സി.പി.എം നേതൃത്വം, തട്ടിപ്പ് നടത്തിയ രഘുവിനെ സംരക്ഷിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ കൂട്ടായ്മയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ഉത്ഘാടനം ചെയ്തു. സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, ബാബു തൊഴിയൂര്‍, കെ.സി. വേണുഗോപാല്‍, മോഹന്‍ ഈച്ചിത്തറ, സിദ്ധാര്‍ത്ഥന്‍ ചെറുപറമ്പില്‍, പ്രദീപ് പണിക്കശ്ശേരി, ജിതിന്‍ കാവിട് എന്നിവര്‍ സംസാരിച്ചു. മഞ്ജുളാല്‍ പരിസരത്തു നിന്നുമാരംഭിച്ച മാര്‍ച്ച് സാവിനി ജംഗ്ഷനില്‍ പോലിസ് തടഞ്ഞു.
അതെ സമയം കെ എ രഘു സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ,ജോലിയിൽ നിരന്തരം നിരുത്തരവാദിത്വം കാണിക്കുന്നത് കൊണ്ടാണ് ഇയാളെ പുറത്താക്കിയതെന്നും സംഘം പ്രസിഡന്റ് എം എൻ രാജീവ് വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു