ബംഗാളിൽ തട്ടിക്കൊണ്ടു പോയ എരുമപ്പെട്ടി സ്വദേശിയെ പൊലീസ് മോചിപ്പിച്ചു.
കുന്നംകുളം: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ എരുമപ്പെട്ടി സ്വദേശിയെ പൊലീസ് മോചിപ്പിച്ചു. എരുമപ്പെട്ടി ഐ.ടി.സിക്ക് സമീപം തളികപറമ്പിൽ ഹാരിസിനെ (33) ആണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വിട്ടു നൽകണമെങ്കിൽ വീട്ടുകാരോട് 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടത്. കർണ്ണാടക ബെല്ലാരിയിൽ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനം നടത്തുന്ന ഹാരിസ് മൂന്ന് ദിവസം മുമ്പ് ബന്ധുവായ കർണ്ണാടക സ്വദേശി മുബാറക്കുമായി ജോലിക്ക് തൊഴിലാളികളെ കിട്ടുന്നതിനായി ബംഗാളിൽ പോയത്.
ഇവിടെ വെച്ചാണ് ബന്ധിയാക്കിയത്. ഹാരിസിന്റെ ഫോണിൽ നിന്നാണ് കവർച്ചാ സംഘം ബന്ധുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
തന്നെ ഒരു സംഘം ബന്ധിയാക്കിയതായി ഹാരിസ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. ജോലിക്ക് ബംഗാളിൽ നിന്ന് തൊഴിലാളികളെ കൊണ്ട് വരാനായിരുന്നു അവിടെ പോയതെന്ന് ഹാരിസ് ബന്ധുക്കളോട് പറഞ്ഞു.
തൊഴിലാളികളെ എത്തിച്ച് തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരു സംഘം അജ്ഞാത താവളത്തിൽ എത്തിച്ച് രണ്ട് പേരേയും ബന്ധിയാക്കിയിരിക്കുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിലാണ് ഹാരിസിനെ കണ്ടെത്തി മോചിപ്പിച്ചത്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്.