
ഗൂഢാലോചനയിൽ പങ്കാളി, തന്ത്രി രാജീവര് റിമാൻഡിൽ.

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. അതേസമയം, കേസിൽ തന്ത്രി രാജീവ് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.

അൽപ്പസമയം മുമ്പാണ് തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ എസ്ഐടി സംഘം ഹാജരാക്കിയത്. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടര്‍ന്ന് കോടതി തന്ത്രിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനുശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് തന്ത്രി തടഞ്ഞില്ലെന്നും ശബരിമലയിലെ മുഖ്യപുരോഹിതനായ തന്ത്രി ആചാരങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്വർണം പതിച്ചതാണെന്ന് അറിവുണ്ടായിരുന്നിട്ടും വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോർഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെന്നും എന്നിട്ടും ഇക്കാര്യം ദേവസ്വം ബോര്‍ഡിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു.

ദേവസ്വം ബോര്‍ഡിൽ നിന്ന് ശമ്പളം പറ്റുന്ന വ്യക്തിയായ തന്ത്രി ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. അനുമതിയില്ലാതെ കൊണ്ടുപോയെന്ന് തന്ത്രി അധികൃതരെ അറിയിച്ചില്ലെന്നും പാളികള്‍ ഇളക്കുന്ന ദിവസം ഉള്‍പ്പെടെ ശബരിമലയിൽ ഉണ്ടായിട്ടും മൗനാനുവാദം നൽകിയെന്നും തന്ത്രിയുടേത് കുറ്റകരമായ മൗനാനുവാദമാണെന്നുമാണ് എസ്ഐടിയുടെ അറസ്റ്റ് നോട്ടീസിൽ പറയുന്നത്.ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
