തളികുളത്ത് വാഹന അപകടം, ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ചാവക്കാട് : തളിക്കുളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) ഇവരുടെ മകൻ ഷാജു വിന്റെ മകൾ അഭിരാമി 11 എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ(44),എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികരായ രണ്ടു പേർക്കും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു , ഇവരുടെ പേരക്കുട്ടി ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണു മരണത്തിനു കീഴടങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ മോഷണ ശ്രമവും അരങ്ങേറി
കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാർ യാത്രക്കാരാണ് മരിച്ചത്. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ദിശ തെറ്റി കയറി ബസിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റവരെ തൃശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാ പ്രവർത്തനത്തിനിടയിൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബുവിനെ (40) ആണ് നാട്ടുകാര്‍ പിടികൂടിയത്. അപകടത്തില്‍പ്പെട്ട വാഹനത്തിലെ യാത്രക്കാരിയുടെ മാലയാണ് ബാബു കൈക്കലാക്കിയത് . ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ പിടികൂടുകയായിരുന്നു. അപകട സമയത്ത് സ്കൂട്ടറിൽ അതു വഴി വന്ന ബാബു രക്ഷാ പ്രവർത്തനത്തിനിടെ അപകടത്തിൽപ്പെട്ട വയാധികയുടെ കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിക്കുകയായിരുന്നു. സഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തടഞ്ഞുവെച്ച് പോലിസിലേൽപ്പിച്ചു. പിന്നീട് അരയിൽ ഒളിപ്പിച്ച നിലയിൽ മാല പോലീസ് കണ്ടെടുത്തു..