
എലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ടി ആർ രഘുലാൽ അന്തരിച്ചു

തൃശൂർ ∙ എലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ (64) അന്തരിച്ചു. പ്രമുഖ വ്യവസായിയും സംരംഭകനുമായിരുന്ന അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമാണ് എലൈറ്റ് ഗ്രൂപ്പിനെ രാജ്യത്തെ മുൻനിര ഫുഡ് ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റിയത്. 1986–ൽ ആലപ്പുഴ അരൂരിൽ ബ്രഡ് ഉൽപാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സിന് ഇന്നു 20 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ നിന്നു മാനേജ്മെന്റിൽ ബിരുദം നേടിയ തണ്ടാശ്ശേരി രാഘവൻ രഘുലാൽ എന്ന ടി ആർ രഘുലാൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ ചെയർമാനാണ്. സംസ്ഥാന വ്യാപകമായി ഫുഡ് ബ്രാൻഡുകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഭക്ഷ്യമേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട അദ്ദേഹം യുഎസിൽ നിന്നു മടങ്ങിയെത്തി 1986–ലാണ് എലൈറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആരംഭിച്ചത്.
പിന്നാലെ ഗുണനിലവാരവും സാങ്കേതികവിദ്യയും വിതരണ ശൃംഖലകളും ഫലപ്രദമായി ഉപയോഗിച്ച് തന്റെ സംരംഭത്തെ വളർത്തി. പിൽക്കാലത്ത് റിയൽ എസ്റ്റേറ്റ് (എലൈറ്റ് ഡവലപ്പേഴ്സ്), സൗരോർജം (സോൾജെൻ എനർജി) എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഗ്രൂപ്പായി എലൈറ്റിനെ മാറ്റിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
കർഷകരിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ച് കമ്പനി യൂണിറ്റുകളിൽ മില്ലിങ്ങും ബേക്കിങ്ങും നടത്തി ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നൽകുന്ന ‘ഫാം ടു ഫോർക്ക്’ എന്ന ആശയം നടപ്പാക്കിയ രഘുലാൽ, പിന്നീട് ബേക്കിങ് യൂണിറ്റുകൾക്ക് മികച്ച ഗോതമ്പുപൊടി ലഭ്യമാക്കാൻ 1991–ൽ എലൈറ്റ് റോളർ ഫ്ലവർ മില്ലിങ് യൂണിറ്റും ആരംഭിച്ചു. ഇന്ത്യയിൽ റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം തുടങ്ങിയ ആദ്യ കമ്പനി കൂടിയായിരുന്നു എലൈറ്റ്. പിന്നീട് രാജ്യാന്തര വിപണി ലക്ഷ്യമിട്ട് എലൈറ്റ് ഗ്രീനും ആരംഭിച്ചു. ഭാര്യ: സരിഗ. മക്കൾ: ധനിസ, രഘുറാം. എലൈറ്റ് ഗ്രൂപ്പ് ആൻഡ് ഇന്നവേഷൻസ് ഡയറക്ടർമാരാണ് മൂവരും. മരുമകൻ: രോഹിത് മുരള്യ

