
സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം : അനിൽ അക്കര

തൃശൂർ : കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഇന്ന് നടത്തിയ പ്രസ്താവന തൃശ്ശൂരിനേയും ഇവിടുത്തെ ജനങ്ങളെയും അപമാനിച്ചിരിക്കുന്നതാണ്. കള്ളവോട്ട് എംപി ഇത് പിൻവലിച്ച് മാപ്പ് പറയണം എന്ന് എ ഐ സി സി അംഗം അനിൽ അക്കര ആവശ്യപ്പെട്ടു.

യഥാർത്ഥ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണ് സുരേഷ് ഗോപി. തൻ്റെയും കുടുംബത്തിൻ്റെയും വോട്ട് ക്രമക്കേട് നടത്തി വ്യാജമായി തൃശ്ശൂരിൽ ചേർത്തതിന് മറുപടി പറയുന്നതിന് പകരം അത് പുറത്ത് കൊണ്ട് വന്ന പൊതുപ്രവർത്തകരെ അപമാനിക്കാനാണ് ശ്രമം. സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേർത്തതിനു ഉപയോഗിച്ച താമസരേഖ വ്യാജമാണെന്ന് പോലിസ് അന്വേഷണത്തിൽ തെളിയും. അതിൻ്റെ വെപ്രാളമാണ് അദ്ദേഹത്തിന്.
സിനിമാ കഥാപാത്രങ്ങൾ ഇപ്പോഴും അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്ന് വിട്ടുപോയിട്ടില്ല. ‘ലങ്ക’ സിനിമയിലെ നായകനെന്ന ഭാവത്തിലാണ് അദ്ദേഹത്തിന്റെ നടപ്പ്. അക്കര അഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളതൊക്കെ ഇക്കരെയുള്ള വോട്ടർപട്ടികയിലെ വിലാസത്തിലാണ്. പഞ്ചായത്തിലും നിയമസഭയിലും ലോക്സഭയിലുമൊക്കെ എന്റെ വോട്ടും ഇക്കരെ തന്നെയാണ്. ആ വിലാസത്തിൽ തന്നെയാണ് ഞാൻ വാഹനം വാങ്ങിയതും.
അല്ലാതെ, താങ്കളെ പോലെ വണ്ടി പോണ്ടിയിലും, ഒരു വോട്ട് തിരുവനന്തപുരത്തും പിന്നൊരു വോട്ട് തൃശൂരുമായി കിടക്കുകയല്ല എന്നും അനിൽ അക്കര പ്രസ്താവിച്ചു.
