ഉപജില്ല കലാകിരീടം മമ്മിയൂർ എൽ എഫ് ഹയർ സെക്കൻഡറി സ്കൂളിന്
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം കൊടിയിറങ്ങി. ആദ്യദിനം മുതല്‍ പോയിന്റ് നിലയില്‍ മുന്നിലുണ്ടായിരുന്ന ആതിഥേയരായ മമ്മിയൂർ എല്‍.എഫ്.കോണ്‍വെന്റ് സ്കൂള്‍ അഗ്രിഗേറ്റ് കിരീടം നേടി. 431 പോയിന്റോടെയാണ് ഓവറോള്‍ കിരീടനേട്ടം.
എൽ പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും എൽ എഫ് ആധിപത്യം നേടിയപ്പോൾ ഹയർ സെക്കൻഡറിയിൽ 222 പോയിന്റ് നേടിയ ശ്രീകൃഷ്ണൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ പിന്നിൽ 178 പോയിന്റുമായി എൽ എഫ് സ്കൂളിന് നിലയുറപ്പിക്കേണ്ടി വന്നു .യു പി വിഭാഗത്തിൽ 200 പോയിന്റോടെ വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ 177 പോയിന്റ് നേടി തിരുവത്ര കുമാർ എ യു പി സ്കൂൾ രണ്ടാമതെത്തി.
അതെ സമയം ഹയർ സെക്കൻഡറിയിൽ നിരവധി പ്രതിഭകളെ കണ്ടെത്തിയ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിന് ഹൈസ്കൂളിലും യു പിയിലും പ്രതിഭാ ദാരിദ്ര്യം കണ്ടു . കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യാഥിതിയായി. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.