സ്റ്റൗവിലെ ഗ്ലാസ് പൊട്ടി തകർന്നു, വിതരണ കാരനും നിർമാതാവും നഷ്ടം നൽകണം.
തൃശൂർ : സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഗാന്ധിമതി അപ്ളയൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.
പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകർന്നു.സമീപത്ത് ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സ്റ്റൗവിൻ്റെ വിലയായ 7800 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാനും ഹർജിതിയ്യതി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.