ഗുരുവായൂരിൽ കുടി വെള്ളം വിതരണം ചെയ്യാൻ സ്റ്റീൽ ട്രോളി സെറ്റ് വഴിപാടായി ലഭിച്ചു
ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനായി വരിനിൽക്കുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള സ്റ്റെയിൻ ലെസ് സ്റ്റീൽ ട്രോളി സെറ്റും പാത്രങ്ങളും ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ ,ഗുരുവായൂർ ശാഖയാണ് ഇവ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെ കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ ബാങ്ക് മാനേജർ രോഹിണിയിൽ നിന്ന് ട്രോളിയും പാത്രസെറ്റും ഏറ്റുവാങ്ങി.പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രോളി സെറ്റ് സമർപ്പിച്ച സെൻട്രൽ ബാങ്ക് ശാഖാ മാനേജർക്ക് ഭഗവാൻ്റെ പ്രസാദ കിറ്റ് ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകി.
ഭക്തർക്ക് കുടിവെള്ളം നൽകാൻ ട്രോളി സെറ്റ് ദേവസ്വം ഹെൽത്ത് വിഭാഗത്തിന് കൈമാറും. ചടങ്ങിൽ ക്ഷേത്രം ജീവനക്കാരും ഭക്തരും സെൻട്രൽ ബാങ്ക് ജീവനക്കാരും സന്നിഹിതരായി