സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ നോണ്‍ വെജും, ചുമതല കൊടകര അയ്യപ്പദാസിന്
കുന്നംകുളം : സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000ത്തോളം പേര്‍ക്ക് പാചകപ്പുരയില്‍ തയ്യാറാക്കുന്നത് സ്വാദിഷ്ടമായ ഭക്ഷണവിഭാഗങ്ങള്‍. കായികകോത്സവത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കുന്ന 16ന് രാത്രി മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് പാചകമെന്ന് സംഘാടകര്‍ അറിയിച്ചു.
കായികോത്സവത്തില്‍ രാവിലെ പാല്‍, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പായസത്തോടു കൂടിയ വിഭവ സമൃദ്ധമായ സദ്യയും രാവിലെ 10നും വൈകീട്ട് നാലിനും ചായയും ലഘു പലഹാരവും നല്‍കും. രാത്രി ഇറച്ചിയും മീനും വിളമ്പും. ഒപ്പം പഴവര്‍ഗ്ഗങ്ങളും ഉണ്ടാകും. അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പല്‍. ഒക്ടോബര്‍ 20ന് സമാപന ദിവസം 2000 പേര്‍ക്കുള്ള ഭക്ഷണം പാര്‍സലായും നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തല്‍. പത്ത് കൗണ്ടറുകളിലായി 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ മേളക്കെത്തുന്നവര്‍ക്ക് യാത്ര ബുദ്ധിമുട്ടുണ്ടാവില്ലെന്നും സംഘാടകര്‍ പറഞ്ഞു.
< കായികമേളയില്‍ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങളുടെ യാത്രാ സൗകര്യത്തിനായി 15 ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. താമസ സ്ഥലത്തെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തിയതായി കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കായിക താരങ്ങള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപരമായ പ്രശ്നങ്ങളെ നേരിടുന്നതിന് താലൂക്ക് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിഭാഗം പ്രവര്‍ത്തനാസജ്ജമാണ്. പതിനഞ്ചോളം ആംബുലന്‍സുകളും ഉണ്ടാകും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. അടിയന്തിര ഘട്ടങ്ങളില്‍ കായിക താരങ്ങള്‍ക്ക് സര്‍ജ്ജറി ആവശ്യങ്ങള്‍ക്ക് റോയല്‍, മലങ്കര മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളുടെ സേവനവും ഉറപ്പാക്കി. കുന്നംകുളം എസിപിയുടെ നേതൃത്വത്തില്‍ കായികമേള ദിനങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കായിക മേളയിലുണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നഗരസഭയ്ക്ക് നല്‍കും. ഒക്ടോബര്‍ 13ന് നടക്കുന്ന ദീപശിഖ പ്രയാണം വര്‍ണ്ണാഭമാക്കാന്‍ എല്ലാ മേഖലയില്‍ നിന്നുമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. 17ന് രാവിലെയാണ് പതാകയുയര്‍ത്തല്‍. വൈകീട്ട് നാലിന് ഉദ്ഘാടനവും 20 ന് വൈകീട്ട് സമാപനവും നടക്കും