header 4

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം നാരായണന്‍ നമ്പീശന് സമ്മാനിച്ചു

ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നല്കി വരാറുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രശസ്ത മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് സമ്മാനിച്ചു. 55,555 രൂപയും, ശ്രീ ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണപ്പതക്കവും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി  വൈകീട്ട് മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

Astrologer

ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ അധ്യക്ഷനായി. നിയമസഭാ ചീഫ് വിപ് ഡോ: എന്‍. ജയരാജ്, എന്‍.കെ. അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.ആര്‍. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റിയംഗം കെ.കെ. ഗോപാലകൃഷ്ണന്‍, പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാവ് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ മറുപടി പ്രസംഗം നടത്തി. ഭരണ സമിതി അംഗം മനോജ് ബി. നായര്‍ സ്വാഗതവും, അഡ്മിനിസ്ട്രാറ്റര്‍ കെ.പി. വിനയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തില്‍ പഞ്ചമദ്ദള കേളി അരങ്ങേറി.