മുംബൈ: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളീ രാമകൃഷ്ണന്റെ നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമനം. ഐസിഐസിഐ ബാങ്കില്‍നിന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ ആയി വിരമിച്ച മുരളി രാമകൃഷ്ണന്‍ ജൂലൈയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസര്‍ ആയി ചേര്‍ന്നിരുന്നു.
മുരളീ രാമകൃഷ്ണന്റെ നിയമനം ആര്‍ബിഐ അംഗീകരിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഐസിഐസിഐ ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് എത്തിയത്. ഹോങ്കോങ് ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു മുരളി രാമകൃഷ്ണന്‍. കെമിക്കല്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം ഐഐഎം ബാംഗ്ലൂരില്‍ നിന്നും ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
സ്വകാര്യ ബാങ്കിൽനിന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തിയാണു മുരളി രാമകൃഷ്ണന്‍. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാരഥികളായി നിയമിക്കപ്പെട്ടിട്ടുള്ളവരൊക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിൽനിന്നോ മറ്റ് ദേശസാൽകൃത ബാങ്കുകളിൽനിന്നോ തിരഞ്ഞെടുക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരായിരുന്നു.