സോളാർ സിസ്റ്റം തകരാർ, അനെർട്ടും ഭാരത് സേവക് സമാജും 2.22,ലക്ഷം നൽകണം.
തൃശൂർ : സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൃശൂർ മുല്ലശ്ശേരി സ്വദേശിനി വെള്ളാംഗമഠത്തിലെ സീമന്തിനി വിജയകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ അനെർട്ട് ഡയറക്ടർക്കെതിരെയും തിരുവനന്തപുരത്തെ ഭാരത് സേവക് സമാജ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.
സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിനായി സീമന്തിനി 2,07,390 രൂപയാണ് അടക്കുകയുണ്ടായതു്. ആറ് മാസം കൂടുമ്പോൾ കൃത്യമായി സർവ്വീസിന് വരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അപ്രകാരം വരുകയുണ്ടായില്ല. വൈകാതെത്തന്നെ സിസ്റ്റത്തിന് തകരാറുകൾ വന്ന് പൂർണ്ണമായും പ്രവർത്തനരഹിതമായി. നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്ന് എതിർകക്ഷികളുടെ ആളുകൾ വന്ന് റിപ്പയറിങ്ങിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് സീമന്തിനി ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക്, സിസ്റ്റത്തിനായി അടച്ച 2,07,390 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി