സോളാർ പവർ സിസ്റ്റം സ്ഥാപിച്ചില്ല, 1,95,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : സോളാർ പവർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് സംഖ്യ കൈപ്പറ്റി അപ്രകാരം പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചെറുതുരുത്തി സന കളക്ഷൻസ് ഉടമ അക്ബർ കെ.എം ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ് ബെൻ സോളാർ സൊലൂഷൻസിൻ്റെ മാനേജിങ്ങ് പാർട്ണർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ പവർസിസ്റ്റം സ്ഥാപിച്ചു നൽകുന്നതിന് മൂന്ന് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്.അതിൽ 1,80,000 രൂപ കൈപ്പറ്റുകയുണ്ടായി.
വൈദ്യുതി ബോർഡിൽ നിന്നും അനുമതി വാങ്ങി ഉടൻ പണികൾ പൂർത്തിയാക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അനുമതി ലഭിച്ചിട്ടും പണികൾ നിർവ്വഹിക്കുകയുണ്ടായിട്ടില്ലാത്തതാകുന്നു. സ്റ്റീൽ സ്റ്റാൻഡ്, എർത്ത് പൈപ്പ് എന്നിവ സ്ഥാപിക്കുകയല്ലാതെ യാതൊന്നും ചെയ്യുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 1,80,000 രൂപയും ആയതിനു് 2019 ജൂലൈ 23 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി .