
സോളാർ ഇൻസെൻ്റീവ് നൽകിയില്ല,2.25 ലക്ഷം നൽകുവാൻ വിധി

തൃശൂർ : സോളാർ സിസ്റ്റം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കാട്ടൂർ ചാലിശ്ശേരി വീട്ടിൽ ആൻ്റോ ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം പേട്ട ചമ്പക്കരയിലെ പ്രിയാ എൻ്റർപ്രൈസസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.

ഹർജിക്കാരനിൽ നിന്ന് 2,40,000 രൂപ കൈപ്പറ്റിയാണ് സോളാർ സിസ്റ്റം എതിർകക്ഷി സ്ഥാപിച്ചുനൽകുകയുണ്ടായത്.പ്രൊമോഷണൽ ഇൻസെൻ്റീവ് ആയി 84 മാസത്തവണകളിലായി 2880 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നു.ഇത് സംബന്ധമായി കരാറും ഉണ്ടാക്കിയിരുന്നു. ഹർജിക്കാരന് ഇൻസ്റ്റാൾമെൻറുകളിലേക്ക് 28850 രൂപ മാത്രമാണ് നൽകുകയുണ്ടായതു്.തുടർന്ന് സംഖ്യ നൽകുകയുണ്ടായില്ല.നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി ഹർജിക്കാരന് മാനസിക പ്രയാസങ്ങളും വിഷമതകളും സൃഷ്ടിച്ചുവെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 210550 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
