സിംഗപ്പൂർ ആസ്ഥാനമായ ബാങ്കിലും ഗുരുവായൂർ ദേവസ്വത്തിന് കോടികളുടെ നിക്ഷേപം
ഗുരുവായൂർ : സഹകരണ സംഘങ്ങൾക്ക് പുറമെ വിദേശ ബാങ്കിലും ഗുരുവായൂർ ദേവസ്വത്തിന് കോടികളുടെ നിക്ഷേപം . സിംഗപ്പൂർ ആസ്ഥാനമായ ഡി ബി എസ് ബാങ്കിലാണ് ഗുരുവായൂർ ദേവസ്വം വൻ തുക നിക്ഷേപിച്ചിട്ടുള്ളത് . കേരളത്തിൽ എട്ട് ജില്ലകളിൽ ആയി 12 ശാഖകൾ മാത്രമുള്ള ബാങ്കിലാണ് കോടി കണക്കിന് രൂപ ദേവസ്വം നിക്ഷേപിച്ചിട്ടുള്ളത് . ഒരു ഘട്ടത്തിൽ മുന്നൂറു കോടി വരെ നിക്ഷേപം ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം .
ഉയർന്ന പലിശ ലഭിക്കുമെന്ന കാരണം പറഞ്ഞാണ് വിദേശ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ളത് . വിദേശ ബാങ്ക് തകർന്നാൽ ആർ ബി ഐ യുടെ നിബന്ധന പ്രകാരം ഒരു ലക്ഷം രൂപ മാത്രമാണ് ലഭിക്കുക . അമേരിക്കയിലെ ബാങ്കുകൾ അടക്കം തകർന്ന ചരിത്രം മുന്നിലുള്ളപ്പോഴാണ് ഇത്തരം ബാങ്കുകളിൽ നിക്ഷേപം നടത്താൻ ദേവസ്വം ധൈര്യപ്പെടുന്നത് . ഇന്ത്യയിലെ പല ബാങ്കുകളും തകർച്ചയുടെ വക്കിൽ എത്തിയപ്പോൾ ,ആ ബാങ്കുകളെ മറ്റു പ്രധാന ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിച്ചത് കൊണ്ട് നിക്ഷേപർക്ക് ആർക്കും ഇത് വരെ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല
കൂടുതൽ പലിശയാണ് ലക്‌ഷ്യം വെക്കുന്നതെങ്കിൽ ദേവസ്വം സ്വന്തമായി ബ്ലേഡ് കമ്പനി തുടങ്ങി പണം ഇരട്ടിപ്പിച്ചു കൂടെ എന്ന സംശയമാണ് ഉയരുന്നത് . വൻ തുക കമ്മീഷൻ ആയി ഉന്നതർക്ക് ലഭിച്ചത് കൊണ്ടാണ് ഇത്തരം ആത്മഹത്യപരമായ നടപടികൾക്ക് ദേവസ്വം മുന്നിട്ടിറങ്ങുന്നതെന്നാണ് ഭക്തർ ആരോപിക്കുന്നത് . ഇതിന് പുറമെ ഇവാഞ്ചലിക്കൽ സോഷ്യൽ ആക്ഷൻ ഫോറം ( ഇസാഫ്) എന്ന സ്ഥാപനത്തിലും ഗുരുവായൂർ ദേവസ്വം 10 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്