സിൽവർ ലൈൻ , കേരളത്തിന്റെ കണക്ക് തെറ്റെന്ന് റയിൽവേ മന്ത്രി.
ദില്ലി: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല പ്രശ്നങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാൻ.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിൻ്റെ കണക്ക്. എന്നാൽ ഇത് ശരിയല്ല. റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും. എല്ലാം വശവും പരിശോധിച്ച് കേരളത്തിൻ്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.