സിദ്ധാർത്ഥിന്റെ മരണം, മൂന്ന് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി

കൽപറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പേർ പൊലീസിൽ കീഴടങ്ങി.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ആണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുൺ ആണ് കീഴടങ്ങിയ മറ്റൊരാൾ. ഇയാൾ മാനന്തവാടി സ്വദേശിയാണ്. കൽപറ്റയിൽ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. നാളെ അറസ്റ്റ് രേഖപ്പെടുത്തും.

സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട്‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതികളെ ഹോസ്റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവെടുപ്പുമാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു.

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കൽപ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ് പ്രത്യേകസംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.