ഷംസീര്‍ എന്ന് മുതലാണ് സ്പീക്കറായത്? പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം ഇല്ലെന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ രൂക്ഷമായ വാക്പോര്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ എ.എന്‍.ഷംസീര്‍ ഇടയ്ക്ക് കയറിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. താന്‍ സംസാരിക്കുമ്ബോള്‍ ഷംസീര്‍ വെറുതെ ബഹളമുണ്ടാക്കുകയാണെന്നും, സഭ നിയന്ത്രിക്കാന്‍ ഷംസീറിനെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഷംസീര്‍ തനിക്ക് ക്ലാസ് എടുക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതിനിടെ സംസാരിക്കാന്‍ കെ ടി ജലീല്‍ അവസരം തേടിയെങ്കിലും പ്രതിപക്ഷനേതാവ് വഴങ്ങിയില്ല. എന്നാല്‍ മുന്‍ പ്രതിപക്ഷനേതാവ് സംസാരിക്കുമ്ബോള്‍ ഇടയ്ക്ക് അവസരം നല്‍കിയിരുന്നുവെന്നാണ് ജലീല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അദ്ദേഹം ക്രമപ്രശ്നം ഉന്നയിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടക്ക് കയറാന്‍ ശ്രമിച്ച കെ ടി ജലീലിനെ താങ്കള്‍ ഇപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന് പറഞ്ഞ വിഡി സതീശന്, മറുപടി നല്‍കിയ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രതികരണമാണ് സഭയില്‍ വാക്കു തര്‍ക്കത്തിന് തുടക്കമിട്ടത്. അങ്ങനെ പറയാന്‍ പാടില്ല…അങ്ങനെ പറയാന്‍ പാടില്ലല്ലോ… ഈ ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്? ഷംസീര്‍ ഇരിക്കൂ…പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെ.. എന്നു സ്പീക്കര്‍
എന്താ സ്പീക്കറെ…ഇത്..എന്താ അപമാനിക്കുന്നെ…അങ്ങനെ അവര് കമന്റ് പറഞ്ഞാലോ..
എല്ലാ കമന്റുകളോടും പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടതില്ല-സ്പീക്കര്‍
അങ്ങനെയല്ലല്ലോ…അങ്ങിരിക്കേണ്ട സീറ്റില്‍ ഇരുന്ന് പറയേണ്ട കാര്യങ്ങള്‍ ചിലര്‍ സീറ്റില്‍ ഇരുന്ന് പറയുകയാണ്. അങ്ങനെയുള്ള അധികാരം ബഹുമാനപ്പെട്ട തലശേരി അംഗത്തിന് അടക്കം അങ്ങ് കൊടുത്തിട്ടുണ്ടോ? എന്തും പറയുകയാണ് സീറ്റിലിരുന്ന്..
ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട… എന്നെ പഠിപ്പിക്കേണ്ട എങ്ങനെ നിയമസഭയില്‍ പറയണമെന്ന്.. ഞാന്‍ എന്തായാലും ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
മൈക്ക് അനുവദിച്ചിട്ടുള്ളത് പ്രതിപക്ഷ നേതാവിനാണെന്നും എല്ലാ കമന്റുകളും ശ്രദ്ധിക്കാന്‍ പോകേണ്ടതില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു. വി ഡി സതീശന്‍ പ്രകോപിതനാകരുതെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. എന്നാല്‍ നിരന്തരം പ്രസംഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു വി ഡി സതീശന്‍ സ്പീക്കര്‍ക്ക് നല്‍കിയ മറുപടി.
അതേസമയം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന്‍റെ കാര്യത്തില്‍ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ വ്യക്തമാക്കി. യുജിസി അംഗീകാരം ഇല്ലാത്തത് കൊണ്ട് കോഴ്സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. എന്നാല്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം ഉള്ളതായി മന്ത്രി അറിയിച്ചു. 20 ബിരുദ കോഴ്സുകളും ഏഴു പി ജി കോഴ്സുകളും സര്‍വകലാശാലക്ക് കീഴില്‍ ഉടന്‍ തുടങ്ങുമെന്നും ഇതിനു ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനായി ബജറ്റില്‍ 10 കോടി അധികമായി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു