Header 1 = sarovaram
Above Pot

ഷഹ്‌റൂഖ് സെയ്ഫിയെ കേരള പൊലീസിന് മഹാരാഷ്ട്ര എ ടി എസ് കൈമാറി

മുംബൈ: ആലപ്പുഴ – കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി

Astrologer

ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചു

കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്നഗിരിയിലെ സിവിൽ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം ഷാറൂഖ് സെയ്ഫി രത്നഗിരി റെയിൽവേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. അവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവൻ പറഞ്ഞു. രത്നഗിരിയിൽ നിന്നും അജ്മീറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടതെന്നും ഡിഐജി മഹേഷ് പാട്ടീൽ സൂചിപ്പിച്ചു.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

രത്നഗിരിയിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മഹാരാഷ്ട്ര എടിഎസ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കൈമാറി. പ്രതി ഷാറൂഖ് സെയ്ഫിയെയും കൊണ്ട് കേരള പൊലീസ് സംഘം സംസ്ഥാനത്തേക്ക് തിരിച്ചു. ഗോവ വഴി റോഡുമാർഗം പ്രതിയെ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, തീവയ്‌പ്പ് കേസിൽ പ്രതി ഷഹറൂഖ് സെയ്ഫിയുടെ വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുന്നു. സെയ്ഫിയുടെ പിതാവ്, സഹോദരന്മാർ തുടങ്ങിയവരെ ഡൽഹി സ്പെഷൽ ബ്രാഞ്ചും കേരള പൊലീസിലെ പ്രത്യേക സംഘവുമാണ് ചോദ്യം ചെയ്യുന്നത്. ഷഹ്‌റൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മകൻ ഷഹറൂഖ് മാർച്ച് 31 നാണ് വീട്ടിൽ നിന്നും പോയതെന്നാണ് പിതാവ് ഫക്രുദ്ദീൻ പൊലീസിനോട് പറഞ്ഞത്.

ബൈക്കിലാണ് ഇയാൾ പുറത്തേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ഷഹറൂഖ് ബൈക്കിൽ പോയപ്പോൾ ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ, പിന്നീട് ആരെങ്കിലും ഇയാളുടെ വീട്ടിലേക്ക് വന്നിരുന്നോ തുടങ്ങിയ കാര്യങ്ങളും ഡൽഹി പൊലീസ് പരിശോധിക്കുന്നുണ്ട്. തീവയ്‌പ്പ് നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ടീ ഷർട്ട് മകന്റേതെന്നു ഫക്രുദീൻ സ്ഥീരികരിച്ചു. ടീ ഷർട്ട് വീട്ടിൽ ഉപയോഗിക്കുന്നതാണെന്ന് ഫക്രുദീൻ തിരിച്ചറിഞ്ഞു.

തന്റെ കുടുംബം നോയിഡയിൽ നിന്നും ഷഹീൻ ബാഗിൽ എത്തിയിട്ട് 15 വർഷം കഴിഞ്ഞു. മകൻ ഇതുവരെ കേരളത്തിൽ പോയിട്ടില്ല. താനും മകനും ആശാരിപ്പണി ചെയ്യുന്നവരാണ്. തന്റെയൊപ്പമാണ് മകൻ ജോലി ചെയ്തിരുന്നത്. മകനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയാം. പൊലീസ് കാണിച്ച ഫോട്ടോ മകന്റെ തന്നെയാണ്. മാർച്ച് 31നാണ് മകനെ കാണാതായത്. ഇക്കാര്യം വ്യക്തമാക്കി ഏപ്രിൽ രണ്ടിനാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും ഫക്രുദീൻ പറയുന്നു.ഷഹീൻബാഗിലെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഫക്രുദ്ദീനെ ചോദ്യം ചെയ്തത്. ഷഹറൂഖിനെ സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾ തേടാനാണ് വിളിപ്പിച്ചത്

Vadasheri Footer