ശബരിമലയിലെ സ്വർണക്കൊള്ള ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019ലെ മഹസർ രേഖകൾ പോലും ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വർണ്ണം പൂശിയതിന്റെ വിശദാംശം മഹസറിൽ ഇല്ല. സ്വർണപ്പാളിയെ മഹസറിൽ ചെമ്പാക്കിയത് ക്രമക്കേടിലെ വ്യക്തമായ സൂചനയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട പരാതികളും പ്രത്യേക സംഘം അന്വേഷിക്കും.

First Paragraph Rugmini Regency (working)

സ്വർണ്ണം പൂശിയ തകിടുകളെ ചെമ്പ് തകിടുകൾ എന്ന് മാത്രമാണ് 2019ലെ മഹസർ രേഖകളിൽ പരാമർശിച്ചത്. നേരത്തെ സ്വർണ്ണം പൂശിയതിന്റെ വിശദാംശങ്ങൾ ഒന്നുമില്ല. ഇത് അസാധാരണമാണെന്നും ക്രമക്കേടുകൾ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ക്രമക്കേടുകളിൽ സമഗ്രവും വിശദവുമായി അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, 2019 ന് മുമ്പും ശേഷവുമുള്ള ദ്വാരപാലക സ്വർണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാനായി ദേവസ്വം വിജിലൻസിന് അനുമതി നല്‍കി. സ്ട്രോങ് റൂമിലെ മുദ്ര വച്ച ദ്വാരപാലക പാളികളും പരിശോധിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.


2019ൽ ഉണ്ണികൃഷ്ണൻ പോറ്റി മുന്‍ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അയച്ച ഇ മെയില്‍ വിവരങ്ങളിലും ‍കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. 2019 സെപ്റ്റംബറിൽ സ്വർണ്ണം പൂശിയതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഈ മെയിൽ പോറ്റി അയക്കുന്നത്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയതിന് ശേഷവും ബാക്കി കുറച്ച് സ്വര്‍ണം തന്‍റെ കൈവശമുണ്ടെന്നും അത് നിർധനയായ യുവതിയുടെ വിവാഹത്തിന് ഉപയോഗിച്ചോട്ടെ എന്നും ആരാഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സന്ദേശം. പോറ്റിയുടെ കൈയ്യിൽ ബാക്കി വന്ന സ്വർണ്ണം ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് മറ്റ് ആവശ്യത്തിന് വിനിയോഗിക്കുന്നതില്‍ അഭിപ്രായം തേടിയാണ് ദേവസ്വം സെക്രട്ടറി തിരുവാഭരണം കമ്മീഷണര്‍ക്ക് മെയില്‍ അയച്ചത്. നിരവധി സ്പോൺസർമാരെ കണ്ടെത്തി തുക സ്വരൂപിച്ചാണ് പോറ്റി സ്വർണ്ണം പൂശിയത് എന്നിരിക്കെ അയ്യപ്പന്റെ പേരിൽ പോറ്റി പിരിച്ച പണം ദേവസ്വത്തിലേക്ക് എത്തിയില്ല എന്നത് വ്യക്തം.

Second Paragraph  Amabdi Hadicrafts (working)