എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍.
തൊടുപുഴ : എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്‌ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസില്‍ നിന്നും ഇയാള്‍ ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് വിവരം.
വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു
വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനു സുദന്‍ (40) നാണ് മര്‍ദനമേറ്റത്. ഡിസംബർ മൂന്നിന് രാവിലെ 11ന് മങ്ങാട്ട് കവലയില്‍ വച്ചാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു ആലുവ കെ എസ് ആ ര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറാണ്. ഇയാള്‍ ഫേയ്‌സ്ബുക്കില്‍ വന്ന മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെ രാവിലെ മുള്ളരിങ്ങാട്ടെ വീട്ടില്‍നിന്നും ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അനുസരിച്ചില്ല.
ബസ് മങ്ങാട്ടുകവലയിൽ എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. മക്കളുടെ കരച്ചിലും മറ്റു യാത്രക്കാരുടെ ബഹളവും കേട്ട് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്.
ഇയാളുമായി അനസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്സാപ്പിലൂടെ അയച്ചു നല്‍കാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തില്‍ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് സസ്പെന്‍ഷന്‍.
പോലീസുകാരനെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ അടക്കം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ ഗൗരവമുള്ളതാണ് ഈ സംഭവമെന്നാണ് വിലയിരുത്തല്‍. പോലീസില്‍ എസ്ഡിപിഐയ്ക്ക് ഏജന്റുമാരുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.