സ്കൂളിന് സമീപത്ത് മരം ദേഹത്ത് വീണ് വിദ്യാർഥിനി മരിച്ചു, റിപ്പോർട്ട് തേടി മന്ത്രി
കാസർകോട് : സ്കൂളിന് സമീപത്ത് മരം ദേഹത്ത് വീണ് വിദ്യാർഥിനി മരിച്ചു. കുമ്പള പർളാടം അംഗടിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി പർളാടം യൂസുഫിെൻറ മകൾ ആയിശത്ത് മിൻഹ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.സ്കൂൾ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികൾ പടവുകൾ ഇറങ്ങി വരുന്നതിനിടെ സമീപത്തുള്ള ഉപ്പിലി മരം കടപുഴകി ദേഹത്ത് പതിക്കുകയായിരുന്നു. കുറെ കുട്ടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിൻഹ സംഭവ സ്ഥലത്തു തന്നെ മരിച്ചു . മൃതദേഹം കുമ്പള ജില്ല ആശുപത്രിയിലേക്ക് മാറ്റി
സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതപ്പെടുത്തി. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണം. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി