
ചെമ്പൈ സംഗീതോൽസവം: സംഗീതാർച്ചന തുടങ്ങി

ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു.ഭക്തി നിറവിൽസംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്ര ശ്രീകോവിലിലിൽ നിന്നും പകർന്നെത്തിച്ച ദീപം ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈസംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തെളിയിച്ചതോടെയാണ് പതിനഞ്ചു ദിവസം നീളുന്ന സംഗീതാർച്ചനയ്ക്ക് ആരംഭമായത്.

ക്ഷേത്രം അടിയന്തിര വിഭാഗത്തിലെ നാദസ്വരം തവിൽ കലാകാരൻമാർ മംഗളവാദ്യം മുഴക്കി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവർ വാതാപി…. എന്നു തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു .പ്രൊഫസർ എസ്. ഈശ്വര വർമ്മ വയലിനിലും (വയലിൻ) ,എൻ. ഹരി മൃദംഗത്തിലും പക്കമേളമൊരുക്കി.

തുടർന്ന് തൃശൂർ അയ്യന്തോൾ സ്വദേശി അദ്രിജ സിബിയുടെ കീർത്തനത്തോടെ സംഗീതാർച്ചന ആരംഭിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം ശ്രീ.സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗങ്ങളായ വിദ്യാധരൻ മാസ്റ്റർ, എന്നിവർ സന്നിഹിതരായി..
