സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ : വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇന്റീരിയർ ഡിസൈനിങ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസണൽ ബേക്കറി എന്നീ കോഴ്സുകളാണ് സൗജന്യമായി തൃശൂർ ജില്ലയിലെ നവ സംരംഭകർക്കായി സംഘടിപ്പിക്കുന്നത്.
ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പരിശീലനം നൽകും. അസാപ്പും കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേർന്ന് നടത്തുന്ന 300 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ കളർ തിയറി, ലൈറ്റിംഗ്, ആർക്കിടെക്ചർ സോഫ്റ്റ്വെയർ എന്നിവയിൽ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്, അസാപ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം, സിവിൽ ഐടിഐ, ഫൈൻ ആർട്സ് ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്സ്, അവസാന വർഷ ബിരുദ വിദ്യാർഥികൾ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
ആർട്ടിസണൽ ബേക്കറി കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 100 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം ആയിരിക്കും ലഭിക്കുക. ആദ്യത്തെ 12 ദിവസത്തെ പരിശീലനം കുന്നംകുളത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലും പിന്നീടുള്ള 19 ദിവസത്തെ പരിശീലനം കൊല്ലം ജില്ലയിലെ കുളക്കടയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലും ആയിരിക്കും. അസാപ്പും സിംഗപ്പൂർ കൺസോർഷ്യം പാർട്ണർ ആയ എക്സ്പീരിയൻസും (XpRienz) ഉം ചേർന്ന് നടത്തുന്ന ഈ കോഴ്സിൽ കേക്കുകൾ, പേസ്ട്രീസ്, ഡെസേർട്സ് മുതലായവ നിർമിക്കാൻ പരിശീലനം നൽകും. എസ് എസ് എൽ സി / തത്തുല്യം ആണ് യോഗ്യത. പ്രായപരിധി ഇല്ല.
ഈ മേഖലകളിൽ പരിശീലനമോ സംരംഭമോ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജില്ലാ വ്യവസായ കേന്ദ്രം, തൃശൂർ മുഖേനയോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ ജനുവരി 25 ബുധനാഴ്ചക്കകം അപേക്ഷ നൽകാം.