
50 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം കാണാതായി

“മോസ്കോ: 50-ഓളം യാത്രക്കാരും ജീവനക്കാരുമായി റഷ്യൻ യാത്രാവിമാനം കാണാതായി. റഷ്യയുടെ കിഴക്കൻ മേഖലയിൽ, ചൈനീസ് അതിർത്തിയോട് ചേർന്നാണ് ആൻ-24 എന്ന വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അങ്കാര എയർലൈൻസിന്റെ വിമാനം, സൈബീരിയയിൽ നിന്ന് ചൈനീസ് അതിർത്തിയിലുള്ള അമുർ മേഖലയിലെ ടിൻഡ എന്ന നഗരത്തിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതാനും കിലോമീറ്ററുകൾക്ക് മുൻപ്, വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം അറിയിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അഞ്ച് കുട്ടികളുൾപ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു. എന്നാൽ, 40-ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് എമർജൻസി മന്ത്രാലയം നൽകുന്ന വിവരം.”
