റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം.
തൃശൂർ : വീടിന് മുകളിൽ വിരിച്ച ടൈലുകളിൽ അടിക്കുവാനായി വാങ്ങിയ റൂഫ് ഷീൽഡിന് നിലവാരമില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് സ്വദേശി പൊന്നിലത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടാറ്റുള്ള ജെ.കെ. സ്പെഷ്യാലിറ്റി പ്രൊഡക്റ്റ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.
അബ്ദുൾ റഹ്മാൻ 29626 രൂപ നൽകിയാണ് റൂഫ് ഷീൽഡ് വാങ്ങിയത് . മികച്ച ഗുണനിലവാരം പുലർത്തുന്നതും ടൈലുകളിൽ അടിച്ചാൽ ഏറെ നാൾ നിലനില്ക്കുന്നതെന്നും പറഞ്ഞാണ് വില്പന നടത്തിയതു്. എന്നാൽ ടൈലുകളിൽ അടിച്ചതു് ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു.പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. തുടർന്നു് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ പരിശോധകർ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാകുന്നു. വില്പന നടത്തിയ ഉല്പന്നം മതിയായ ഗുണനിലവാരം പുലർത്തുന്നതല്ലെന്നും ഉപയോഗിക്കുന്നതു് സംബന്ധമായി വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിരുന്നില്ലെന്നും കോടതി വിലയിരുത്തി.ഉപഭോക്താവിനെ സംബന്ധിച്ച് ഉല്പന്നത്തിന് ന്യായമായ കാലാവധി പ്രതീക്ഷിക്കാമെന്ന് കോടതി നിരീക്ഷിച്ചു.വിദേശത്തുള്ള നിർമ്മാതാവിനെ കക്ഷി ചേർക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല.
ഡിസ്ട്രിബ്യൂട്ടർക്ക് ഈ കാര്യത്തിൽ ബാധ്യതയുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഉല്പന്നങ്ങളുടെ വിലയായ 29626 രൂപ 91 പൈസയും നഷ്ടപരിഹാരമായി 30000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.