പെട്രോൾപമ്പിൽ സഹപ്രവർത്തകയായ യുവതിയെ ബലാൽ സംഘം ചെയ്യാൻ ശ്രമം ,പ്രതിക്ക് ആറര വർഷം തടവ്
കുന്നംകുളം : പെട്രോള്‍ പമ്പിലെ ജീവനക്കാരിക്കു നേരെ സഹപ്രവര്‍ത്തകന്റെ ബലാല്‍സംഗ ത്തിന് ശ്രമിച്ച കേസിൽ പ്രതിക്ക് ആറര വര്‍ഷം തടവും, 31,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി കോക്കാഞ്ചിറ വീട്ടില്‍ പ്രതാപന്‍ (59) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി പോക്‌സോ ജഡ്ജി എം പി ഷിബു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2015 ജൂണ്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാവറട്ടിയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന പ്രതി അതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന പരാതിക്കാരിയെ ഓഫീസ് മുറിക്കകത്തു അതിക്രമിച്ച് കയറി ചെന്നു മുറിയുടെ ഷട്ടര്‍ അടച്ചു ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിലവിളികേട്ട് അടുത്തുള്ള കടയിലെ തൊഴിലാളികള്‍ വന്നാണ് രക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ എസ് ബിനോയ് ഹാജരായി.
വിചാരണവേളയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയിയുടെ ഹര്‍ജി പ്രകാരം കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇരയുടെ പരാതിപ്രകാരം പാവറട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം കെ രമേശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പാവറട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ പി ആന്റോ, പാവറട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന എം എ എസ് സാബുജി എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജനും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ബി ബിജുവും പ്രവര്‍ത്തിച്ചിരുന്നു.