
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, സഹോദരൻ കോൺഗ്രസിൽ ചേർന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. തിരുവനന്തപുരത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ചാണ് വിനോദ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍ അംഗമാക്കിയത്.

വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിനോദും സുഹൃത്തുക്കളുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസാണ് കേരളത്തിലെ യഥാര്‍ഥ ലെഫ്റ്റിസ്റ്റ് എന്നും ഇപ്പോഴെങ്കിലും തുറന്നുപറച്ചില്‍ നടത്തിയില്ലായെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പാര്‍ട്ടി സഖാക്കള്‍ക്ക് ദോഷമാകും എന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.
ഏഴാം വയസില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ്. ഇപ്പോള്‍ 50 വര്‍ഷമായി. ദുരനുഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും കുഞ്ഞികൃഷ്ണന്‍ സഖാവിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് തുറന്നുപറയാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ നിലപാടുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴെങ്കിലും തുറന്നുപറച്ചില്‍ നടത്തിയില്ലായെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പാര്‍ട്ടി സഖാക്കള്‍ക്ക് ദോഷമാകും എന്ന് അറിഞ്ഞ് കൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സോഷ്യലിസവും എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസാണ് കേരളത്തിലെ ലെഫ്റ്റിസ്റ്റ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആവേശപൂര്‍വ്വമാണ് വന്നത്. ഇത് ഒരു തുടക്കമാണ്. കേരള റാലി കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ ചേരും. വഞ്ചിയൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും’- വിനോദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫണ്ട് തിരിമറിയില്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധവുമായി വിനോദ് രംഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് വിനോദ് ആരോപിച്ചു.
സിപിഎമ്മിന്റെ വഞ്ചിയൂര്‍ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കില്‍ 2008 ഏപ്രില്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ 2022ല്‍ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഫണ്ടില്‍ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികള്‍ നല്‍കിയതാണ് പാര്‍ട്ടി അംഗം കൂടിയായിരുന്ന സഹോദരന്റെ എതിര്‍പ്പിന് പ്രധാന കാരണം.
