സാമ്പത്തിക സർവേ ആവശ്യം, രാഹുൽ ഗാന്ധിക്ക് സമൻസ്.
ബറെയ്‌ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ബറെയ്‌ലിയിലെ സെഷന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ജനുവരി 7 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
അഖിലേന്ത്യാ ഹിന്ദു മഹാസംഘ് സംഘടനയുടെ മണ്ഡല്‍ പ്രസിഡന്റ് പങ്കജ് പതക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്. ആഗസ്റ്റില്‍ രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ആഗസ്റ്റ് 27ന് തള്ളിയതോടെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
‘രാജ്യത്തെ ആകെ ജനസംഖ്യയില്‍ ദുര്‍ബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും, അവരുടെ സ്വത്തിന്റെ ശതമാനം വളരെ കുറവാണെന്നും ഉയര്‍ന്ന ജനസംഖ്യയുള്ളവര്‍ക്ക് കൂടുതല്‍ സ്വത്ത് ആവശ്യപ്പെടാം’ എന്നും രാഹുല്‍ പറഞ്ഞതായാണ് ഹര്‍ജിയിലെ ആരോപണം.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗ്ഗ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമര്‍ശമാണിതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വിതയ്ക്കാന്‍ രാഹുല്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും പങ്കജ് ആരോപിച്ചു.